ജീവിത ദുരിതങ്ങള്‍ അകലാന്‍ ഏറ്റവും ഉത്തമമായ വ്രതമാണ് നവരാത്രി വ്രതം. ഒക്ടോബര്‍ പതിനെട്ടാം തീയ്യതിയാണ് ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ആരംഭിക്കുന്നത്. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് വിജയദശമി. ഈ ഒന്‍പത് ദിവസവും വ്രതനിഷ്ഠ പാലിക്കണം. മറ്റെല്ലാ വ്രതങ്ങളും പോലെയാണ് നവരാത്രി വ്രതത്തിന്റെയും ചിട്ടകള്‍ .രണ്ട് നേരവും കുളിച്ച് ദേവി ക്ഷേത്ര ദര്‍ശനം നടത്തി ഈശ്വര പ്രാര്‍ത്ഥന ചെയ്യുക. മത്സ്യ മാംസാദി ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുക.
ഉച്ചയ്ക്കു മാത്രം അരിയാഹാരവും രാവിലെയും, വൈകീട്ടും ലഘുഭക്ഷണവും .ബ്രഹ്മചര്യം നിര്‍ബദ്ധമാണ്. ദേവീ പരമായ പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം കൊടുക്കണം. നവരാത്രി വ്രതത്തില്‍ വിദ്യാജ്ഞാന വിജയത്തിന് വിജയദശമി യും, കര്‍മ്മ പുഷ്ടിക്ക് മഹാനവമിയും, ദുരിത നിവാരണത്തിന് ദുര്‍ഗാഷ്ടമിയും കൂടുതല്‍ ഗുണകരമാണ്.
വ്രതനിഷ്ഠ
അതാതു ദിവസങ്ങളില്‍ മാത്രം വ്രതമെടുത്താലും ഫലം ലഭിക്കും. ഇതില്‍ ഏറ്റവും പ്രധാനം ദുര്‍ഗ്ഗാഷ്ടമി ആണ്. നവരാത്രി വ്രതത്തിന്റെ ചിട്ടകള്‍ തന്നെയാണ് ദുര്‍ഗ്ഗാഷ്ടമിക്കും.
ഗ്രന്ഥപാരായണം
ദേവീ ഭാഗവതം, ദേവീ പുരാണം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിത സഹസ്രനാമം എന്നിവ നവരാത്രി ദിനങ്ങളില്‍ പാരായണം ചെയ്യുന്നത് ഉത്തമമാണ്. രണ്ടു നേരവും പാരായണം ചെയ്യാം. കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് നെയ്യ് വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് പാരായണം ചെയ്യണം.
സഹസ്രനാമം ജപിക്കുമ്പോള്‍ പൂര്ണ്ണമാക്കിയേ നിര്‍ത്താവൂ. ഇടയ്ക്ക് നിര്‍ത്തരുത്. നിര്‍ത്തിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണം എന്നാണ് വിധി.ദേവീ ഭാഗവതം പോലുള്ള ബ്യ ഹത് ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ ഒരു നിശ്ചിത ഭാഗം വായിച്ച് നിര്‍ത്തുക .വീണ്ടും തുടങ്ങുമ്പോള്‍ ആദ്യം ദേവീ പ്രാര്‍ത്ഥന നടത്തണം. അതിനു ശേഷമേ വായിക്കാവൂ. ഗ്രന്ഥം വെറും നിലത്ത് വയ്ക്കരുത്. പീഠത്തിലോ ,പട്ടിലോ,വയ്ക്കാം.അതുപോലെ തന്നെ വെറും നിലത്തിരുന്ന് ജപിക്കാനോ, പാരായണം ചെയ്യാനോ പാടില്ല. ഒരു പലകയിലോ, പട്ടിലോ, പായയിലോ ഇരിക്കാം.
ലളിതസഹസ്രനാമജപം
ദുര്‍ഗ്ഗാഷ്ടമി ദിവസം മൂന്നു നേരവും ലളിതസഹസ്രനാമം ജപിക്കുക. സ്തോത്രമോ, നാമാവലിയോ ജപിക്കാം. ഒന്നു മുതല്‍ തുടര്‍ച്ചയായി 7, 12, 18 ദിനം ജപിക്കുക. ദേവീ കടാക്ഷം ഉണ്ടാകും. ഏതൊരു വിഷയത്തിലേയും തടസ്സം മാറുന്നതിനും, ഐശ്വര്യാ ഭിവൃദ്ധിക്കും ഗുണകരം. തെറ്റുകൂടാതെ ജപിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൂജവയ്ക്കേണ്ട സ്ഥലം
പൂജാമുറിയിലോ,ശുദ്ധിയുള്ള സ്ഥലത്തോ വേണം പൂജവയ്ക്കാന്‍ സരസ്വതീദേവിയുടെ ചിത്രം കിഴക്കോട്ടോ ,പടിഞ്ഞാറോ അഭിമുഖമായി ഒരു പീഠത്തില്‍ വയ്ക്കുക. മൂന്നു നിലവിളക്കുകള്‍ നെയ്യോ, നല്ലണ്ണയോ ഒഴിച്ച് അഞ്ചു തിരിയിട്ട് കത്തിക്കണം.കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ നാലു ദിക്കുകളിലേക്കും ‘വടക്കു കിഴക്ക് മൂല’ യിലേക്കും തിരികള്‍ അഭിമുഖമാക്കിയാണ് ഓരോ വിളക്കും വയ്ക്കേണ്ടത്. വിളക്കിനു മുമ്പില്‍ ഒരു തൂശനിലയിട്ട് നിറപറ വയ്ക്കുക. കൂടാതെ ഒരു തളികയില്‍ പുതുവസ്ത്രം വയ്ക്കേണ്ടതും വാല്‍ക്കണ്ണാടി, ഗ്രന്ഥം എന്നിവയും വയ്ക്കണം
ചിത്രത്തിനു മുമ്പിലും വശങ്ങളിലുമായി പലകയിലോ, പട്ടിലോ, വാഴയിലയിലോ പാഠപുസ്തകങ്ങളും ആയുധങ്ങളും വയ്ക്കുക. പൂക്കളും ഹാരവും കൊണ്ട് ദേവിയുടെ ചിത്രം അലങ്കരിക്കണം. ചന്ദനത്തിരിയും ,സുഗന്ധദ്രവ്യങ്ങളും കത്തിച്ച ശേഷം ഗുരു ,ഗണപതി, വേദവ്യാസന് ,ദക്ഷിണാമൂര്‍ത്തി ,സരസ്വതി എന്നിവരെ സംങ്കല്പിച്ച് അഞ്ചിലകളില്‍ മലര്, ശര്‍ക്കര, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരി ,നെയ്യ് തുടങ്ങിയവയും വയ്ക്കുക.
ഗുരുവന്ദനശ്ലോകം
ഗുരുര്‍ബ്രഹ്മ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരാ:
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈശ്രീ ഗുരവേ നമ:
എന്ന മന്ത്രം ചൊല്ലിയാണ് ഗുരുക്കന്മാരെ വന്ദിക്കേണ്ടത്.
ഗണപതി വന്ദനശ്ലോകം
സര്‍വ്വ വിഘ്നഹരം ദേവ സര്‍വ്വ വിഘ്ന വര്‍ജിതം
സര്‍വ്വസിദ്ധി പ്രഭാതാരം വന്ദേഹം ഗണനായകം.
വേദവ്യാസനും ദക്ഷിണാമൂര്‍ത്തിക്കും വന്ദനം
ഓം ശ്രീ ഐം ക്ളീം സൗ:
വേദവ്യാസായ നമ:
9 പ്രാവശ്യം ചൊല്ലണം.
ഓം ഐം ദക്ഷിണമൂര്ത്തയേ നമ:
ഇതും 9 പ്രാവശ്യം ചൊല്ലണം.
സരസ്വതീ വന്ദനം
ഓം ഐം സം സരസ്വ തൈ്യ നമ:
ഈ മന്ത്രം 36 പ്രാവശ്യം ജപിച്ച് സരസ്വതിയെ വന്ദിക്കുക. എന്നിട്ട് സരസ്വതീ ദേവിയുടെ ധ്യാനശ്ലോകം 3 പ്രാവശ്യം ജപിക്കുക.
ധ്യാന ശ്ലോകം
യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്രവസ്ത്രാവ്യതാ
യാ വീണാരവദണ്ഡമണ്ഡിത കരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭ്യതിഭിര്
ദേവൈ സദാ പൂജിത
സാമാം പാതു സരസ്വതീ ഭഗവതി
നിശ്ശേഷ ജാഡ്യാ പഹാ
ഇതാണ് ധ്യാന ശ്ലോകം. ഇതു ജപിച്ച ശേഷം
ഓം ഐം സം സരസ്വതൈ്യ നമ:
എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുക. തുടര്‍ന്ന് നിവേദ്യം സമര്‍പ്പിച്ച് കര്‍പ്പൂരം ഉഴിയുക.
ഗുരു വന്ദനം, ഗണപതി വന്ദനം, വേദവ്യാസ ദക്ഷിണാമൂര്‍ത്തി വന്ദനം, സരസ്വതീ വന്ദനം, കര്‍പ്പൂരാരതി എന്നിവ അഷ്ടമി, നവമി ദിനങ്ങളില്‍ രാവിലെയും വൈകീട്ടും വിജയദശമി ക്ക് രാവിലെയും നടത്തണം. സരസ്വതീ മന്ത്രം 36, 108,336 എന്നീ തവണ സൗകര്യം പോലെ ജപ്പിക്കാവുന്നതാണ്. മന്ത്രജപദിവസം നിര്‍ബന്ധമായും മത്സ്യ മാംസാദികള്‍ ത്യജിക്കണം. രാത്രിയില്‍ ആഹാരം ഉപേക്ഷിച്ചാല്‍ നന്ന് ഇല്ലെങ്കില്‍ അരിയാഹാരം ത്വജിച്ച് ലഘുഭക്ഷണം കഴിക്കാം പകലുറക്കവും പാടില്ല.
ജപരീതി
കുളിച്ച് വെളുത്ത വസ്ത്രം ധരിച്ച് വേണം സരസ്വതീ മന്ത്രം ജപിക്കാന്‍ വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്. ശ്രദ്ധ പരിപൂര്‍ണ്ണമായും മന്ത്രജപത്തിലും ദേവീ രൂപത്തിലും ആയിരിക്കണം .ഇടയ്ക്ക് സംസാരിക്കാന്‍ പാടില്ല. ജപത്തിന്റെ ആദ്യവും അവസാനവും നമസ്കരിക്കുക .
Recent Comments