ഉയരെ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലയ്ക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു. ഇനിയും പേരിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്. മാറ്റിനിക്കും സെക്കന്റ്സിനും ശേഷം അനീഷ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.
മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് ചിത്രത്തിന് തുടക്കമായത്. പി.വി. ഗംഗാധരന് ഫസ്റ്റ് ക്ലാപ്പും നല്കി.
ഷെറിന് ഗംഗാധരന് ഭദ്രദീപം തെളിയിച്ചു.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിലുണ്ടായ സംഭവം പിന്നീടും അവരെ വേട്ടയാടപ്പെടുന്നു. പി.ഡബ്ല്യൂ.ഡി സബ് കോണ്‍ട്രാക്റായ ഉണ്ണി, ജാനകിയുടെ ജീവിതത്തിലേക്കു കടന്നു വരുന്നതും ആയിടയ്ക്കാണ്. പിന്നീടവര്‍ വിവാഹിതരായി. വിവാഹശേഷവും ആ സംഭവം ജാനകിയുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഈ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് അനീഷ് ഉപാസന.
നവ്യാനായരാണ് ജാനകിയെ അവതരിപ്പിക്കുന്നത്. ഉണ്ണിയായി സൈജുക്കുറുപ്പും വേഷമിടുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലും നവ്യാനായരും സൈജുക്കുറും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം കൈലാസ് മേനോന്. ഛായാഗ്രഹണം ശ്യാംരാജ്,
എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രഘുരാമവര്‍മ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് രോഹന്‍രാജ്, റെമീസ് ബഷീര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ രത്തീന.
ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments