പഴയ ചലച്ചിത്രങ്ങളുടെ പേരുകള്‍ പുതിയ സിനിമയ്ക്ക് നല്‍കുക എന്നത് ഒരു പുതിയ കാര്യമല്ല. ഇപ്പോഴിതാ, മിലിന്ദ് റൗ നയന്‍താരയെ നായികയാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും നെട്രികണ്‍ എന്നാണ്.
1981 ല്‍ സംവിധായക കുലപതിയായ കെ. ബാലചന്ദര്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു നെട്രികണ്‍. രജിനികാന്തിന്റെ അഭിനയജീവിത്തതിലെ നാഴികക്കല്ലെന്ന് വിശേഷിപ്പാക്കാവുന്ന ചലച്ചിത്രം. അച്ഛനും മകനുമായി ഇരട്ടവേഷങ്ങളില്‍ രജിനി കൈയ്യടി നേടിയ ചിത്രം, സംവിധാനം ചെയ്തത് എസ്.പി. മുത്തുരാമനായിരുന്നു. സ്ത്രീലംബടനായ അച്ഛനായും സത്ഗുണസമ്പന്നനായ മകനായും രജിനി ചിത്രത്തില്‍ മിന്നിത്തിളങ്ങി. ഒപ്പം അഭിനയിച്ചവരും ഒട്ടും മോശമല്ലായിരുന്നു. ലക്ഷ്മി, സരിത, മേനക എന്നിവരുടെ മത്സരാഭിനയവും ഇളയരാജയുടെ സംഗീതവും കൂടിയായപ്പോള്‍ തീയേറ്ററുകള്‍ കാണികളെക്കൊണ്ട് കരകവിഞ്ഞൊഴുകുകയായിരുന്നു.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേഷ് ശിവ നിര്‍മ്മിക്കുന്ന ചിത്രത്തിന് നെട്രികണ്‍ എന്ന് പേരിട്ടപ്പോള്‍ പലരും കരുതി പഴയ രജിനി ചിത്രത്തിന്റെ തുടര്‍ച്ചയാകുമോ എന്നാണ്. എന്നാല്‍ ഈ ടൈറ്റില്‍ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് കടംകൊണ്ടതെന്നും ബന്ധപ്പെട്ടവരോട് അനുവാദം വാങ്ങിയിട്ടാണ് ഇങ്ങനെ ഒരു ടൈറ്റില്‍ സ്വീകരിച്ചതുമെന്നുമാണ് നിര്‍മ്മാതാവായ വിഗ്നേഷ് ശിവ തുറന്നു പറയുന്നത്.
കാര്യമെന്തായാലും ഈ നെട്രികണ്‍ നായികാപ്രാധാന്യമുള്ള ചിത്രമാണെന്ന് അതിന്റെ ടീസര്‍ കണ്ടവര്‍ക്കൊക്കെ മനസ്സിലാകും. നയന്‍താരയുടെ അഭിനയശേഷി പുറത്ത് കൊണ്ടുവന്ന ചിത്രമായിരുന്നു നാനും റൗഡി താന്‍. വിഗ്നേഷ് ശിവയായിരുന്നു സംവിധായകന്. വിജയ് സേതുപതി എന്ന അണ് പ്രെഡിക്ടബിള്‍ ആക്ടറോടൊപ്പം നയന്‍താരയും കത്തിജ്വലിച്ച് നിന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനായ വിഗ്നേഷിനുതന്നെയാണ്.
താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം നെട്രികണ്ണിലും അത്തരം അഭിനയമുഹൂര്‍ത്തങ്ങള്‍ ധാരാളമായി ഉള്ളതുകൊണ്ടുതന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്താരയെതന്നെ തെരഞ്ഞെടുത്തത്. അവള് എന്ന സിനമയിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന സംവിധായകനാണ് മിലിന്ദ് റൗ. അവള് പോലെതന്നെ നെട്രികണ്ണും ഒരു ത്രില്ലര്‍ സിനിമയാണ്. ആഗസ്റ്റ് 13 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശിപ്പിച്ച് തുടങ്ങുന്ന നെട്രികണ്ണിന്റെ ടീസര്‍ ഇതിനകംതന്നെ വൈറലാകുകയും ചെയ്തു.
Recent Comments