കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒടിടി ഭീമന്മാരായ ആമസോണും നെറ്റ്ഫ്ളിക്സും അനുഷ്ക ശര്‍മയുടെ ക്ലീന്‍സ്ലേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാറുണ്ടാക്കിയിരിക്കുകയാണ്. അടുത്ത പതിനെട്ട് മാസങ്ങളില്‍ അനുഷ്ക നിര്‍മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്. അനുഷ്കയുടെ സഹോദരനും ക്ലീന്‍സ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
2013 ലാണ് അനുഷ്കയും കര്‍ണേഷും ക്ലീന്‍സ്ലേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്കയുടെ എന്‍.എച്ച് 40 ആയിരുന്നു ആദ്യം നിര്‍മ്മിച്ച ചിത്രം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അനുഷ്ക നിര്‍മ്മാണ രംഗത്തിറങ്ങിയത്. പിന്നീട് ഫില്ലൗരി, പരി തുടങ്ങിയ ചിത്രങ്ങളും താരം നിര്‍മ്മിച്ചു.
പാതാള്‍ലോക് എന്ന വെബ് സീരീസിലൂടെയാണ് അനുഷ്ക ഒടിടി രംഗത്ത് ചുവടുറപ്പിക്കുന്നത്. 2020 ല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പാതാള്‍ലോക് റിലീസ് ചെയ്തത്. പിന്നീട് നെറ്റ്ഫ്ളിക്സിന് വേണ്ടി ബുള്‍ബുള്‍ എന്ന ചിത്രവും നിര്‍മിച്ചിരുന്നു. അനുഷ്ക നായികയാകുന്ന ‘ഛക്ദാ എക്സ്പ്രസ്സ്’ ആണ് ക്ലീന്‍സ്ലേറ്റ് ഫിലിസ് നിര്‍മ്മിച്ച് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം. ലോകം കണ്ടതില്‍ വച്ച് മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ ജുലന് ഗോസ്വാമിയുടെ ജീവിതംകഥയാണ് ചിത്രം പറയുന്നത്.
Recent Comments