യുവാക്കളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് നെറ്റ്ഫ്ളിസ് ഇന്ത്യയുടെ ‘ടേക്ക് ടെന്‍’. ചലച്ചിത്ര മേഖലയിലേയ്ക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനും പിന്തുണയ്ക്കാനും വേണ്ടിയാണ് ‘ടേക്ക് ടെന്‍’ എന്ന പുതിയ പരിപാടി നെറ്റ്ഫ്ളിക്സ് ഇന്ത്യ ആവിഷ്കരിക്കുന്നത്.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന പത്ത് പ്രതിഭകളെ കണ്ടെത്തി, ഷോര്‍ട്ട്ഫിലിം മേക്കിങില്‍ പരിശീലനം നല്‍കുകയും സമ്പൂര്‍ണ ധനസഹായമായ 10,000 ഡോളര്‍ ഗ്രാന്റ് ഉപയോഗിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാനും നെറ്റ്ഫ്ളിക്സ് ഇന്ത്യ അവസരമൊരുക്കുന്നു. ഈ സിനിമകള്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോര്‍ ക്രിയേറ്റീവ് ഇക്വിറ്റിയാണ് ‘ടേക്ക് ടെന്‍’ പരിപാടി സ്പോണ്സര് ചെയ്യുന്നത്. ടിവിയിലും സിനിമാ മേഖലയിലും അവസരങ്ങള്‍ തേടി അലയുന്ന കഴിവുള്ള യുവാക്കളെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുവാനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളറാണ് നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോര്‍ ക്രിയേറ്റീവ് ഇക്വിറ്റിക്കായി നീക്കിവച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരോ, അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ള ആര്‍ക്കും ടേക്ക് ടെന്നിലേക്ക് അപേക്ഷിക്കാം.
2022 ഫെബ്രുവരി 7ന് www.taketen.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന് ആരംഭിക്കും. ആദ്യത്തെ ടാസ്ക്കായി അപേക്ഷകര്‍ ‘മൈ ഇന്ത്യ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒരു ഫിലിം സമര്‍പ്പിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഭിഷേക് ചൗബേ, ഹന്‍സല്‍ മെഹ്ത, ജൂഹി ചതുര്‍വേദി, നീരജ് ഘയ്വാന്‍, ഗുനീത് മോംഗ എന്നിവരുള്‍പ്പെടെയുള്ള പ്രതിഭകളില്‍ നിന്ന് എഴുത്ത്, സംവിധാനം, നിര്‍മ്മാണം എന്നിവയെ കുറിച്ചും മറ്റും പഠിക്കാനുള്ള അവസരം കൂടി നെറ്റ്ഫ്ളിക്സ് ഒരുക്കുന്നുണ്ട്.
Recent Comments