കൊറോണയുടെ ഭീതിതമായ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേരാനായതിന്റെ സന്തോഷത്തിലായിരുന്നു മിമിക്രി കലാകാരന്മാരുടെ സംഘടയായ MAA യിലെ മുഴുവന്‍ അംഗങ്ങളും. മിമിക്രിരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഘടന നിലവില്‍ വന്നത്. കലാഭവന്‍ മണിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. എല്ലാ വര്‍ഷവും സംഘടനയുടെ പൊതുയോഗം ചേരാറുണ്ടെങ്കിലും രണ്ട് വര്‍ഷം കൂടുമ്പോഴാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. കൊറോണയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി പൊതുയോഗംപോലും ചേരാന്‍ കഴിഞ്ഞിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് പാലാരിവട്ടത്തുള്ള അസീസിയ കണ്വെന്ഷന് സെന്ററില്‍ MAA യുടെ ജനറല്‍ ബോഡി ചേര്‍ന്നത്. സംവിധായകന് സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ഹരിശ്രീ അശോകനായിരുന്നു മുഖ്യാതിഥി. ഉച്ചവരെയായിരുന്നു പൊതുയോഗ നടപടികള്‍. അതിനുപിന്നാലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിദ്ധിക്കും സുരേഷ്ഗോപിയും ദിലീപുമാണ് രക്ഷാധികാരികള്‍. പ്രസിഡന്റായി നാദിര്‍ഷ തുടരും. പുതിയ ജനറല്‍ സെക്രട്ടറിയായി കലാഭവന്‍ ഷാജോണിനെ തെരഞ്ഞെടുത്തു. ടിനിടോമും രമേഷ് പിഷാരടിയും വൈസ് പ്രസിഡന്റുമാര്‍. സൈജു നവോദയയും ദേവി ചന്ദനയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. കലാഭവന്‍ പ്രജോദാണ് ട്രഷറര്‍. 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം MAA യിലെ അംഗങ്ങളുടെ കലാപ്രകടനങ്ങള്‍ നടന്നു. സംഘടനയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ചാനലുമായി ചേര്‍ന്ന് ഒരു ഷോ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകളിലാണ് പുതിയ ഭാരവാഹികള്‍. കഴിഞ്ഞ വര്‍ഷം ഏഷ്യനെറ്റുമായി ചേര്‍ന്ന് മാമാങ്കം എന്നൊരു ഷോ ഇവര്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ വിജയമാണ് ഇത്തരത്തിലൊരു പരിപാടി വീണ്ടും സംഘടിപ്പിക്കാന്‍ പ്രചോദനമായതും.
Recent Comments