മലയാളത്തിലെ എവര്‍ടൈം ക്ലാസ്സിക് ചിത്രങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍, യവനിക തീര്‍ച്ചയായും അതില്‍ മുന്‍ പന്തിയില്‍ ഇടം നേടുന്ന ഒന്നായിരിക്കും.
കാലം ചെല്ലുന്തോറും മാറ്റ് കൂടിവരുന്ന ഈ അതുല്യ സിനിമ, കെ.ജി ജോര്‍ജിന്റെ സംവിധാന മികവില്‍ 1982ലാണ് പുറത്തിറങ്ങിയത്. ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് കഥയുടെ കാതല്‍. എക്കാലത്തെയും ചലച്ചിത്രവിദ്യാര്‍ഥികളുടെ പാഠപുസ്തകവുമാണ് യവനിക. 1982 ഏപ്രില്‍ 30 നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
ഓരോ തവണ കാണും തോറും പ്രേക്ഷകന് പുതിയ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്, ഇപ്പോഴിതാ 39 വര്‍ഷത്തിനിപ്പുറം ഒരു പുതുകാല പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമായ ശംഭു വിജയകുമാര്‍.
യവനികയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം കടന്നുവരുന്നത് തബലിസ്റ്റ് അയ്യപ്പന് എന്ന കഥാപാത്രമാണ്. ഭരത് ഗോപി അവിസ്മരണീയമാക്കിയ ഈ കഥാപാത്രം തന്നെയാണ് പോസ്റ്ററില്‍.
ടൈറ്റില്‍ ഫോണ്ട് ഒറിജിനലില്‍ ഡിസൈനില്‍ നിന്ന് കടംകൊണ്ടതാണ്. കുറേനാളിനു ശേഷം ചിത്രം കണ്ടതിന്റെ ആവേശത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതെന്ന് ശംഭു വിജയകുമാര്‍ മൂവി ഗ്രൂപ്പുകളില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ച് താരം തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.
‘റിലീസ് ചെയ്ത് 39 വര്‍ഷം പിന്നിട്ട ചിത്രത്തിന്റെ ഇത്തരത്തിലൊരു ഗംഭീര പോസ്റ്റര്‍ പങ്കുവെക്കാനായതില്‍ സന്തോഷമുണ്ട്, ഡിസൈനര്‍ക്ക് ആശംസകളും നേരുന്നു’
ഭരത് ഗോപിക്കു പുറമെ നെടുമുടി വേണു, തിലകന്, മമ്മൂട്ടി, ജലജ, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്, അശോകന് തുടങ്ങി താരസമ്പന്നവുമായിരുന്നു യവനിക.
ഷെരുണ് തോമസ്
Recent Comments