കുട്ടികള്‍ ജനിച്ചയുടന്‍ അവരുടെ നാവില്‍ തേന്‍ ഇറ്റിക്കുന്നതും പൊന്നരച്ച് കൊടുക്കുന്നതും വെണ്ണ തൊടുന്നതുമൊക്കെ അനുവദനീയമാണോ?
അല്ല. പ്രസവാനന്തരം അമ്മ ചുരത്തുന്ന മുലപ്പാലാണ് (കൊളോസ്ട്രം) കുട്ടികള്‍ ആദ്യം രുചിക്കേണ്ടത്. തേനോ വെണ്ണയോ ഒക്കെ തൊട്ടുകൊടുത്താല്‍ കുട്ടികളുടെ വയറ് വേഗത്തില്‍ നിറയും. പിന്നെ അവര്‍ക്ക് കൊളോസ്ട്രം കുടിക്കാനാകില്ല. കൊളോസ്ട്രത്തില്‍ ധാരാളം പ്രതിരോധഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് കുട്ടിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൊളോസ്ട്രം ശരിയായ അനുപാതത്തില്‍ ലഭിക്കാത്ത കുട്ടികളില്‍ രോഗപ്രതിരോധശേഷി കുറയുകയും പിന്നീട് പല രോഗങ്ങള്‍ക്ക് അത് വഴിവയ്ക്കുകയും ചെയ്യും.
മുലയൂട്ടല്‍ എപ്പോള്‍മുതല്‍ തുടങ്ങണം?
പൊക്കിള്‍ക്കൊടി മുറിച്ചുകളയുന്ന നിമിഷം മുതല്‍ പാല് കൊടുത്തു തുടങ്ങാം എന്നൊരു അസാധാരണ പ്രയോഗം തന്നെയുണ്ട്. അതുകൊണ്ടാണത്രെ ദൈവം പൊക്കിള്‍ക്കൊടിക്ക് നീളം കൊടുത്തിരിക്കുന്നത്. അല്‍പ്പം അതിശയോക്തി കലര്‍ന്നതായി തോന്നാമെങ്കിലും അതാണ് ശരി. കഴിയുന്നതും വേഗത്തില്‍ കുട്ടിക്ക് മുലയൂട്ടി തുടങ്ങാം.
സിസേറിയന് ചെയ്യുന്ന അമ്മമാരോ?
അനസ്തേഷ്യയുടെ മയക്കം വിടുന്ന സമയംമുതല്‍ അവര്‍ക്കും മുലപ്പാല്‍ കൊടുത്തുതുടങ്ങാം.
മുലയൂട്ടലിന് പ്രത്യേക സമയക്രമമുണ്ടോ?
തീരെ വെയിറ്റ് കുറഞ്ഞ കുട്ടികള്‍ക്ക് സമയക്രമം പാലിച്ചുതന്നെ മുലയൂട്ടണം.
ആരോഗ്യമുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല. അവര്‍ കരയുമ്പോള്മാത്രം മുലയൂട്ടിയാല്‍ മതിയാകും
കുട്ടികള്‍ക്ക് ശരിക്കും മുലപ്പാല്‍ കിട്ടാത്തതുകൊണ്ടാണ് അവര്‍ ഇടയ്ക്കിടെ ഉയര്‍ന്ന് കരയുന്നത്. ആദ്യം വരുന്ന പാല് നേര്‍ത്തതാണ്. അവസാനം വരുന്ന പാലിലാണ് ഫാറ്റ് കണ്ടന്റുകളുള്ളത്. പാലുകുടിക്കുന്ന സുഖത്തില്‍ ആദ്യം വരുന്ന പാല് കുടിച്ച് കുട്ടി മയങ്ങിപ്പോകും. ആ സമയം വയറ് നിറഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഉണര്‍ന്ന് കരയുന്നത്. എന്നാല്‍ അവസാന പാലും കുടിച്ചുറങ്ങുന്ന കുട്ടി വയറ് നിറഞ്ഞ് ദീര്‍ഘനേരം ഉറങ്ങും.
മുലയൂട്ടുന്ന സമയത്ത് കുട്ടികള്‍ ഉറങ്ങിപ്പോയാല്‍ കാല്‍വെള്ളയിലോ ഷോള്‍ഡറിലോ ചെറുതായി തിരുമ്മിക്കൊടുത്ത് അവരെ ഉണര്‍ത്തി പാല് കൊടുക്കണം.
കുട്ടികളെ ആദ്യമായി മുലയൂട്ടുന്ന സമയം മുതല്‍ അമ്മയില്‍നിന്ന് പാല് ലഭിച്ചുതുടങ്ങുമോ?
തീര്‍ച്ചയായും. തുടക്കത്തില്‍ മുലപ്പാലിന്റെ അളവ് കുറവായിരിക്കും. മുലയൂട്ടുന്നതിനനുസരിച്ച് അതിന്റെ തോത് വര്‍ദ്ധിക്കും.
കുട്ടികള്‍ മുല ചവയ്ക്കുന്നതനുസരിച്ച് അമ്മയുടെ പിറ്റിയുട്ടറി ഗ്ലാന്റ് പ്രവര്ത്തനക്ഷമാവുകയും കൂടുതല്‍ പാല് ഉണ്ടാവുകയും ചെയ്യുന്നു.
അമ്മമാര്‍ പാലൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വളരെ സൗകര്യപ്രദമായി ഇരുന്നുവേണം മുലയൂട്ടാന്‍. അവരുടെ മനസ്സ് ശാന്തവും സന്തോഷപ്രദവുമായിരിക്കണം.
നവജാതശിശുക്കളെ തൊട്ടിലില്‍ കിടത്തേണ്ടതുണ്ടോ?
പാടില്ല. ഒരു കങ്കാരു എങ്ങനെയാണോ അതിന്റെ കുഞ്ഞിനെ അതിന്റെ ശരീരത്തിലെ സഞ്ചിയില്‍ സൂക്ഷിക്കുന്നത് അതുപോലെ അമ്മയോട് ചേര്‍ത്തുവേണം കുട്ടികളെ കിടത്തേണ്ടത്. കങ്കാരു മദര്‍കെയര്‍ അഥവാ കെ.എം.സി എന്നൊരു ടെര്മിനോളജിപോലും അങ്ങനെ വന്നുചേര്‍ന്നതാണ്.
ഏതാണ്ട് ആദ്യത്തെ മൂന്നു മാസത്തോളം കുട്ടികള്‍ മൂത്രമൊഴിക്കുമ്പോള്‍ കരയുന്നത് സ്വാഭാവിക പ്രതികരണമാണോ?
അതെ. അവര്‍ മൂത്രമൊഴിക്കുമ്പോള്‍ ഒരു പ്രത്യേക അനുഭവം (ഫണ്ണി ഫീലിംഗ്) ഉണ്ടാകാറുണ്ട്. അതിന്റെ തുടര്‍ച്ചയായ പ്രതികരണമാണ് കരച്ചില്.
കുട്ടികളെ കുളിപ്പിക്കേണ്ടത് തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ?
ഇളം ചൂടുവെള്ളത്തില്‍ (ലൂക്ക്വേം വാട്ടര്‍) വേണം കുട്ടികളെ കുളിപ്പിക്കാന്‍. തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുട്ടികളില്‍ ഹൈപ്പോതെര്‍മിയ ഉണ്ടാകാനിടയുണ്ട്. അതുപോലെ നല്ല ചൂടുവെള്ളവും കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ല.
കുളിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ കൈയും കാലുമൊക്കെ എണ്ണയിട്ട് പിടിച്ചുഴിയുന്നതുകൊണ്ടോ തല കൈവെള്ളകൊണ്ട് മസാജ് ചെയ്യുന്നതുകൊണ്ടോ എന്തെങ്കിലും ഗുണമുണ്ടോ?
ഒരു ഗുണവുമില്ല. അല്ലാതെതന്നെ കൈയും കാലുമൊക്കെ വളര്‍ന്നോളും. തല ഉരുണ്ടോളും. ഇത് അജ്ഞതയില്‍നിന്ന് ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ഭാഗമായി ഒടിവുവന്ന കേസുകള്‍ വരെ എന്റടുക്കല്‍ എത്തുന്നുണ്ട്. ഇത് കുട്ടികളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്.
കുഞ്ഞരി പല്ലുകളുടെ സംരക്ഷണം: അറിയേണ്ടതെല്ലാം
അതുപോലെ കുളിപ്പിക്കുമ്പോള്‍ കുട്ടിയുടെ തലമാത്രം തോര്‍ത്താത്ത അമ്മമാരും ധാരാളമാണ്. ഇത് പിന്തുടരാവുന്നതാണോ?
ഒരിക്കലും പാടില്ല. തല സാവധാനം തുണികൊണ്ട് തുടച്ചെടുക്കണം. നവജാതശിശുക്കളുടെ തല ഉടലിനെ അപേക്ഷിച്ച് വലുതാണ്. വളരെ സെന്‍സിറ്റീവായ ഭാഗവും. ഇന്ഫെക്ഷന് സാധ്യത കൂടും. കുളി കഴിഞ്ഞാല്‍ കുട്ടികള്‍ അമ്മയുടെ ശരീരത്തിന്റെ ചൂടേറ്റു കിടന്നുവേണം ഉറങ്ങാന്‍.
കുട്ടികളിലുണ്ടാകുന്ന കണ്‍പീള ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം?
കണ്ണിന്റെ ധമനികളടയുന്നതുമൂലമാണ് കുട്ടികളില്‍ സാധാരണ കണ്‍പീള ഉണ്ടാകുന്നത്. ശുദ്ധമായ ജലമുപയോഗിച്ച് തുടച്ചോ സാവധാനം മസാജ്ജ് ചെയ്തോ കണ്‍പീള ഒഴിവാക്കാം.
കുട്ടികളില്‍ അടിക്കടി ഉണ്ടാകുന്ന ഛര്‍ദ്ദി ഒഴിവാക്കാന്‍ എന്ത് ചെയ്യണം?
മുലയൂട്ടുന്ന സമയത്ത് പാലിനോടൊപ്പം ധാരാളം വായുവും കുട്ടികളുടെ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കും. ഇത് പുറന്തള്ളുന്നതിനുവേണ്ടിയാണ് കുട്ടിയെ തോളില്‍ കമഴ്ത്തിക്കിടത്തി മുതുകില്‍ തട്ടുന്നത്. അപ്പോള്‍ ഏമ്പക്കത്തിന്റെ രൂപത്തില്‍ വായു പുറത്തുവരും. ഇത് ഛര്‍ദ്ദി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നിട്ടും ഛര്‍ദ്ദില്‍ തുടങ്ങുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടാം.
നവജാത ശിശുക്കളുടെ മലം അയഞ്ഞാണ് പോകുന്നത്. ഇത് വയറിളക്കത്തിന്റെ ലക്ഷണമാണോ?
അല്ല. കുട്ടികളില്‍നിന്ന് ആദ്യം പോകുന്ന മലം കറുത്ത നിറമുള്ളതായിരിക്കും. പിന്നീട് മുലപ്പാല്‍ കുടിച്ച് തുടങ്ങുമ്പോഴാണ് മലത്തിന് മഞ്ഞ നിറം കൈവരുന്നതും അത് അയഞ്ഞ് പോകുന്നതും.
മുലപ്പാലിനു പുറമേ കുട്ടികള്‍ക്ക് ജലം നല്‍കേണ്ടതുണ്ടോ?
ഇല്ല. മുലപ്പാലില്‍നിന്ന് കുട്ടികള്‍ക്കാവശ്യമായ ജലവും ലഭിക്കുന്നുണ്ട്.
കുട്ടികളുടെ ദഹനസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉരമരുന്ന് കൊടുക്കുന്നത് ആശാസ്യമാണോ?
ഒട്ടുമല്ല. കുട്ടികള്‍ക്ക് അസുഖമുണ്ടാകുന്നത് അവരുടെ വയറ്റില്നിന്നാണെന്ന് നമ്മുടെ തെറ്റിദ്ധാരണയാണ്. അതുകൊണ്ടാണ് ഉരമരുന്ന് അരച്ചുകൊടുക്കുന്നത്. ദഹനം നടന്നില്ല, വിഷാംശം ഉണ്ട് എന്നൊക്കെയാണ് അതിന് കാരണങ്ങള്‍ പറയുന്നത്. മുലപ്പാലിന് എന്ത് വിഷാംശം. അത് ദഹിക്കാന്‍ എന്ത് പാട്. ഒന്നുമില്ല. പകരം ജാതിക്കയടക്കം ഉരച്ച് നാം കുട്ടികള്‍ക്ക് കൊടുക്കും. അതവര്‍ക്ക് വയറിളക്കംപോലെയുള്ള അസുഖം ഉണ്ടാകും. ഉരമരുന്ന് കൊടുത്തുവെന്ന സന്തോഷത്തോടെ അമ്മമാര്‍ കിടന്നുറങ്ങുമ്പോള്‍ കുട്ടികള്‍ അസ്വസ്ഥപ്പെട്ട കരയാന്‍ തുടങ്ങും.
Recent Comments