സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി നടന് സംഗീത് പ്രതാപ്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംഗീത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘പ്രിയപ്പെട്ടവരെ, എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഉടന്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാന്‍സിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കും. അധികം വൈകാതെ ചിത്രം സ്ക്രീനുകളില്‍ എത്തും.’ സംഗീത് പ്രതാപ് കുറിച്ചു.
ശനിയാഴ്ച രാത്രി 1.45-ന് ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടന്മാരായ അര്ജുന് അശോകനും സംഗീതും ഉള്‍പ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചേസിങ് സീന്‍ ഷൂട്ട് ചെയ്യാനായി അമിതവേഗത്തില്‍ ഓടിച്ച കാര്‍ ചിത്രീകരണത്തിലുള്‍പ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ പരിക്കേറ്റ നടന് സംഗീത് പ്രതാപ്, അര്ജുന് അശോകന്, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന് എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകന്റെ മൊഴിയും രേഖപ്പെടുത്തി.
Recent Comments