വിവാഹ ആവാഹനം- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുറച്ചുമുമ്പാണ് പുറത്തിറങ്ങിയത്. ടൈറ്റിലിലെ കൗതുകം തിരക്കി വിളിക്കുമ്പോള്‍ സംവിധായകന് സാജന് ആലുംമൂട്ടില്‍ പറഞ്ഞു.
‘കഥയുടെ സസ്പെന്‍സ് ഒളിഞ്ഞിരിക്കുന്നതുതന്നെ ആ ടൈറ്റിലിനുള്ളിലാണ്. അതിനെക്കുറിച്ച് എന്ത് പറഞ്ഞാലും കഥ വെളിപ്പെടും. അടിസ്ഥാനപരമായി രണ്ട് പേരുടെ വിവാഹമാണ് പ്രമേയം. അതിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. ശുദ്ധ ആക്ഷേപഹാസ്യത്തിലൂടെയാണ് കഥ പറയുന്നത്. കണ്ണൂരില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ കഥയ്ക്ക് ആധാരം.’ സാജന് പറഞ്ഞു.
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണങ്ങളെഴുതിയിരിക്കുന്നത്. കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതയായ നിതാരയാണ്. നിതാരതന്നെയാണ് ചിത്രത്തിലെ നായികയുടെ വേഷം ചെയ്യുന്നതും.
നാല് ഷെഡ്യൂളുകളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. കണ്ണൂരിലായിരുന്നു മെയിന്‍ ഷെഡ്യൂള്‍. പിന്നീട് ഗുജറാത്ത്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ചിത്രം പൂര്‍ത്തിയാക്കി. വൈകാതെ ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി പൂര്‍ത്തിയാകും. ഒടിടി റിലീസിനാണ് തയ്യാറെടുക്കുന്നത്.
നിരഞ്ജ് മണിയന്‍പിള്ളയാണ് ചിത്രത്തിലെ നായകന്. അജു വര്‍ഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധികോപ്പ, സാബു മോന്, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ്മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവരുടെ ബാനറില്‍ മിഥുന് ആര്. ചന്തു, സാജന് ആലുംമൂട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോണി സി.വി., പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. വിഷ്ണുപ്രഭാകര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖില്‍ എ.ആറും പി.ആര്.ഒ. ശിവപ്രസാദുമാണ്.
Recent Comments