ഇന്ന് രാവിലെ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സുഹൃത്തും സംവിധായകനുമായ ഡോ. ബിജു. ഫേസ്ബുക്കിലൂടെയാണ് നിസാമിനെ കുറിച്ചുള്ള കുറിപ്പ് ബിജു പങ്കുവെച്ചത്.
രണ്ട് ദിവസം മുമ്പും സംസാരിച്ചിരുന്നുവെന്നും അകാലത്തിലുള്ള ഈ വിയോഗം അവിശ്വസനീയമാണെന്നും കുറിപ്പില്‍ ബിജു പറയുന്നു. തന്റെ സിനിമകള്‍ക്ക് നിസാം ചെയ്ത് തന്ന സഹായങ്ങള്‍ കുറിപ്പില്‍ എടുത്ത് പറയാനും ബിജു മറന്നില്ല.
‘അവിശ്വസനീയം…
പ്രിയ നിസാം യാത്രയായി…
രണ്ടു ദിവസം മുന്‍പാണ് അവസാനമായി വിളിച്ചത്. നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാന്‍. അടുത്ത ദിവസങ്ങളില്‍ അടൂരില്‍ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. എത്രയോ വര്‍ഷങ്ങളുടെ സൗഹൃദം ആണ്. കാസര്‍ഗോഡ് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ജോലിചെയ്ത സമയത്ത് നിസാമിന്റെ കൂടെയായിരുന്നു താമസം. നിസാം അന്ന് കാസര്‍ഗോട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്നു. വലിയ ചിറകുള്ള പക്ഷികള്‍ സിനിമ ഉണ്ടാകുന്നത് തന്നെ നിസാം കൂടെ ഉണ്ടായിരുന്നതിനാല്‍ ആണ്. ആ സിനിമയുടെ സ്ക്രിപ്റ്റ് മുതല്‍ നിസാം ഒപ്പം ഉണ്ടായിരുന്നു. കാസര്‍കോട്ടെ എന്‍ഡോ സള്ഫാന് ദുരന്ത ബാധിതര്‍ക്ക് ഒപ്പം അവരുടെ എല്ലാ പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒപ്പം നിസാം ഉണ്ടായിരുന്നു എപ്പോഴും.
ആദര്‍ശവും, നിലപാടും, മനുഷ്യ സ്നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവര്‍ത്തകനും ആയിരുന്നു നിസാം. ഇക്കാലത്തെ അപൂര്‍വമായ ഒന്ന്.
എന്റെ എല്ലാ സിനിമകളുടെയും കഥയും തിരക്കഥയും ഒക്കെ ആദ്യം ഞാന്‍ വിളിച്ചു പറയുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു നിസാം. ഒരു ദിവസം അടൂരെ എന്റെ വാടക വീട്ടില്‍ വെച്ച് പേരറിയാത്തവര്‍ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു കുറെ നേരം കരഞ്ഞു നിസാം.
ഏറ്റവും പുതിയ സിനിമയായ അദൃശ്യ ജാലകങ്ങള്‍ സിനിമയ്ക്ക് കാസര്‍ഗോട് മുഴുവന്‍ സഞ്ചരിച്ചു ലൊക്കേഷന്‍ കാട്ടി തന്നത് നിസാമാണ്. ഗോവയിലും കേരളത്തിലും ചലച്ചിത്ര മേളാ യാത്രകള്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടാകും നിസാം.
സ്വന്തമായി തിരക്കഥ എഴുതിയ പുതിയ സിനിമയുടെ റിലീസിന് തൊട്ടു മുന്‍പ് യാത്രയാവുക.
പുതുതായി മറ്റൊരു സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു നിസാം.
എത്രയോ സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടിയിരുന്നതാണ്.
പാതി വഴിയില്‍ പൂര്‍ണ്ണ വിരാമം ഇട്ടു യാത്രയായി.
എന്നാലും ഇത്ര പെട്ടന്ന്.
ഒട്ടും വിശ്വസിക്കാന്‍ ആവുന്നില്ല ..
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആണ് പോസ്റ്റ്മാര്‍ട്ടം എന്നറിഞ്ഞു ഞാന്‍ അവിടെ എത്തുമ്പോഴേക്കും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു നിസാം ഇപ്പോള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കടമ്മനിട്ടയിലേക്ക് കൊണ്ട് പോയി. കടമ്മനിട്ടയില്‍ ചെന്നപ്പോള്‍ നിസാമിന്റെ നാടായ പഴകുളത്തേക്ക് കൊണ്ട് പോകാനായി ആംബുലന്‍സില്‍ യാത്ര തിരിക്കുന്നു. നാളെ രാവിലേ പത്തു മണിക്ക് ആണ് മരണാനന്തര ചടങ്ങുകള്‍.
മുന്പില് സാവധാനത്തില്‍ പോകുന്ന ആംബുലന്‍സില്‍ നിസാം കിടക്കുന്നുണ്ട്.
എന്തിനാന് നിസാം ഇത്ര പെട്ടന്ന് ഇങ്ങനെ യാത്ര പോകുന്നത്’ എന്നാണ് ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.
Recent Comments