ബിസിനസുകാര്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും സമൂഹത്തിനു നന്മ ചെയ്യാത്ത ഒരു ബിസിനസിനും വിജയിക്കുവാന്‍ കഴിയില്ലെന്ന് ഉജാല രാമചന്ദ്രന് എന്ന എം പി രാമചന്ദ്രന് പറഞ്ഞു. ക്യാന്‍ ചാനല്‍ മീഡിയയ്ക്ക്
അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര വലിയ അറിവുള്ള വ്യക്തിയാണെങ്കിലും ബിസിനസില്‍ ശോഭിക്കാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എത്ര ആളുകളുണ്ട്. അവരൊന്നും ബിസിനസുകാരാവാത്തത് എന്തുകൊണ്ടാണ്. ധീരുഭായി അംബാനി വലിയ അറിവുള്ള വ്യക്തിയായിരുന്നില്ല. അദ്ദേഹം വലിയ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത്.
ഇപ്പോള്‍ മൂവായിരം കോടിയുടെ വിറ്റുവരവുള്ള ഉജാല എന്ന സ്ഥാപനത്തിന്റെ തുടക്കം കേവലം അയ്യായിരം രൂപയുടെ മുതല്‍ മുടക്കില്‍ നിന്നായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉജാല രാമചന്ദ്രന് അഥവ എം പി രാമചന്ദ്രന് പറഞ്ഞത് ഇങ്ങനെയാണ്. അന്ന് 5000 രൂപയേ എന്റെ കൈയിലുള്ളൂ. ആ പണം കൊണ്ട് ഒരു കിലോ കെമിക്കല്‍ വാങ്ങിയാണ് ബിസിനസ് ആരംഭിച്ചത്.
വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുവാന്‍ ഭാര്യയുടെ സഹായം ഉണ്ടായിരുന്നുവോ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അവര്‍ എന്നെ സഹിച്ചുവെന്നാണ്. അമൃത് വേണി തുടങ്ങാന്‍ പോയപ്പോള്‍ ഭാര്യ പറഞ്ഞത് നമ്മുക്ക് ജീവിക്കാനുള്ളതൊക്കെ ഉണ്ടല്ലോ. പിന്നെ എന്തിനാണ്. ഞാന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ പറഞ്ഞതാണ്. അത് എന്നോടുള്ള ഇഷ്ടം കൊണ്ടാണ്. ഇപ്പോള്‍ എന്റെ കൈവശം അത്യാവശ്യം പണമുണ്ട്. ശരിയാണ്. എന്നാലും പുതിയ ബിസിനസ് ചെയ്തു പോവും. അത് പണത്തിനു വേണ്ടി മാത്രമല്ല. ബിസിനസ് നമ്മളെക്കൊണ്ട് പുതിയത് ചെയ്യിപ്പിക്കുന്നതാണ്. ആധുനിക സയന്‍സ് അറിവ് നല്കുമ്പോള് അത് സമൂഹത്തിനു പകര്‍ന്നു നല്കാന് എന്നെപ്പോലുള്ള ബിസിനസുകാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അത് ഞാന്‍ നിറവേറ്റുന്നുവെന്ന് മാത്രം.
അമ്മയുടെ അസുഖം മൂലം ഞാന്‍ തന്നെയായിരുന്നു കുട്ടിക്കാലം മുതല്‍ സ്വന്തം വസ്ത്രങ്ങള്‍ കഴുകിയിരുന്നത്. നീലം മുക്കി പരമാവധി വെളുപ്പിക്കുമായിരുന്നു. അന്ന് ഇന്ന് കിട്ടുന്ന പോലുള്ള ഡിറ്റര്‍ജെന്റ്സ് ഒന്നുമില്ല. നീലം മുക്കിയാല്‍ വെളുത്ത വസ്ത്രങ്ങളില്‍ എവിടെയെങ്കിലും നീല നിറം ഉണ്ടാവും. എത്ര ശ്രദ്ധിച്ചാലും അത് ഉണ്ടാവും. വാസ്തവത്തില്‍ അതിനൊരു പരിഹാരം എന്ന നിലയിലല്ല ഉജാല എന്ന ഉല്‍പ്പന്നം ഉണ്ടായത് .അതേസമയം അതൊരു കാരണമായിരുന്നു. അത് നിമിത്തമായെന്നു മാത്രം. ഉജാല ആരംഭിച്ചപ്പോള്‍ പൂര്‍ണ്ണമായും തൂവെള്ള നിറം കിട്ടണമെന്ന നിര്‍ബന്ധം തുടക്കം മുതല്‍ എനിക്കുണ്ടായിരുന്നു.
82 അവസാനമാണ് ഉജാല ആരംഭിച്ചത്. അന്ന് കെമിക്കല്‍ സപ്ലൈ ചെയ്ത വ്യക്തി തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ക്ക് കെമിക്കല്‍ സപ്ലൈ ചെയ്യുന്നത്. അതാണ് ഞങ്ങള്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്റിങ്. കെമിക്കല്‍ വേറെ ആരില്‍ നിന്നും വാങ്ങില്ലെന്ന് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. വില കൂടിയാലും കുറഞ്ഞാലും; അതിപ്പോഴും തുടരുന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ അവരും വളര്‍ന്നു.കെമിക്കലില്‍ ഒരു രഹസ്യമുണ്ട്. അതാണ് ഒരു പരിധിവരെ ഞങ്ങളുടെ വിജയവും.
പേമെന്റിന്റെ കാര്യത്തില്‍ ഞാന്‍ കണിശമാണ്. ഏത് ഇടപാടുകളിലും. സ്റ്റാഫിന്റെ ശബളമായാല് പോലും… 31 നകം കൊടുക്കും. 31 അവധി ദിവസമാണെങ്കില്‍ 29 നു കൊടുക്കും. അതാണ് പതിവ്.
മാര്‍ക്കറ്റില്‍ ചെന്ന് നീലം എന്ന് ആരും ചോദിക്കാറില്ല. പകരം ഉജാലയെന്നാണ് കണ്‍സ്യൂമര്‍ ചോദിക്കുക. അങ്ങനെയാണ് ആ ബ്രാന്റ് ഡിസൈന്‍ ചെയ്തത്. ഉജാല എന്ന പേര് നല്‍കിയത് ഞാനാണ്. അതങ്ങനെ വന്നുവെന്നു മാത്രം.
ഞാന്‍ വിവാഹം കഴിച്ച ശേഷമാണ് ഉജാല ആരംഭിച്ചത്. എനിക്ക് രണ്ട് മക്കളാണ്. ഉജാല തുടങ്ങുമ്പോള്‍ ജ്യോതി മാത്രമേയുള്ളൂ. ങ്ങനെയാണ് ജ്യോതി ലാബ് എന്ന പേരുണ്ടായത്. പേരും നിയോഗം പോലെ വന്നതാണ്. ജ്യോതിയാണ് ഇപ്പോള്‍ കമ്പനിയുടെ ചെയര്‍ പേഴ്സണ്‍. രണ്ടാമത്തെ മകളാണ് ദീപ്തി. ഉജാല ലാബിന്റെ ഭാഗമാണ് ദീപ്തിയും. ദീപ്തി ഗവേഷകയാണ്. അമൃത വേണി എന്ന ബ്രാന്റിന്റെ ചുമതല ദീപ്തി വഹിക്കുന്നു.
ഞാന്‍ തന്നെയായിരുന്നു കുറേക്കാലം ഉജാലയുടെ പരസ്യങ്ങള്‍ എഴുതിയത്. കവിത്വം ആ പരസ്യ വാചകങ്ങളിലുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനു ഒരു കാരണം കുട്ടിക്കാലം മുതല്‍ ഞാന്‍ ധരാളം കവിതകള്‍ വായിച്ചിരുന്നു. ഇടയ്ക്കിടെ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു. കവിതകള്‍ ആലപിക്കാറുമുണ്ട്. എനിക്ക്. ഇഷ്ടപ്പെട്ട കവി പി കുഞ്ഞിരാമന് നായരാണ് വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത ഹൃദയത്തില്‍ തറഞ്ഞു കയറുന്നതാണ്. ഞങ്ങളുടെ സ്റ്റാഫിന്റെ യോഗങ്ങളില്‍ മാമ്പഴം എന്ന കവിത പാടാറുണ്ട്. റേഡിയോ പരസ്യങ്ങള്‍ കുട്ടിശ്ശങ്കര മേനോന് ആയിരുന്നു എഴുതിയത്. ജനങ്ങളുടെ മനസ്സില്‍ ഉജാല എന്ന ബ്രാന്റിനു ലബ്ധ പ്രതിഷ്ഠ നേടാന്‍ റേഡിയോ പരസ്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് ഉജാല രാമചന്ദ്രന് പറഞ്ഞു.
Recent Comments