ലോക്ഡൗണ്‍ തീര്‍ത്ത സമാനതകളില്ലാത്ത പ്രതിസന്ധി ഓവര്‍ ദി ടോപ് (ഒ.ടി.ടി.) പ്ലാറ്റ്ഫോമുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ്. അന്താരാഷ്ട്ര ബ്രാന്റുകളായ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ തുടങ്ങിയ വമ്പന്മാര് മുതല്‍ ഇങ്ങ് നമ്മുടെ സ്വന്തം മലയാളം ചാനലുകള്‍ വരെ ഇന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് പിന്നാലെയാണ്. ഇതിലൂടെയുള്ള സിനിമാ റിലീസിംഗിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം, കൊവിഡ് കാലത്ത് സുരക്ഷിതമായി സിനിമ കാണാനുള്ള സാങ്കേതികത്വം എന്നതിനപ്പുറം പോക്കറ്റിന്റെ കനം ചോരാതെ സിനിമ ആവോളം ആസ്വദിക്കാം എന്നതാണ് ഇതിന്റെ മേന്മ. അതേസമയം, പരമ്പരാഗത സിനിമാപ്രദര്‍ശന സംവിധാനങ്ങള്‍ക്ക് (തീയേറ്ററുകള്‍ക്ക്) ഇത് തിരിച്ചടിയാകുമെന്നത് പ്രതിഷേധങ്ങള്‍ക്കും വഴിമരുന്നിടുന്നുണ്ട്.
തന്റെ സ്വന്തം നിര്‍മ്മാണകമ്പനിയായ രാജ്കമല് ഫിലിംസ് തയ്യാറാക്കിയ വിശ്വരൂപത്തിന് തീയേറ്ററുകള്‍ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഉലകനായകന് കമല്‍ഹാസനാണ് ആദ്യമായി ബദല്‍ റിലീസ് ആശയങ്ങള്‍ തെന്നിന്ത്യയില്‍ മുന്നോട്ട് വെച്ചത്. ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്.) സംവിധാനങ്ങളിലൂടെ സിനിമ റിലീസ് ചെയ്യാമെന്നായിരുന്നു കമലിന്റെ പക്ഷം. അതായത് സണ്‍ ഡയറക്ട്, ടാറ്റാ സ്കൈ, വീഡിയോകോണ്‍ ഡി2എച്ച്, എയര്‍ടെല്‍ ഡിഷ് മുതലായവയിലൂടെ സിനിമ റിലീസ് ചെയ്യുക എന്ന് സാരം. എന്നാല്‍ തീയേറ്റര്‍ ഉടമകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തതോടെ ആ ഉദ്യമം മുന്നോട്ടുപോയില്ല. എന്നാല്‍ ജ്യോതിക മുഖ്യവേഷത്തിലെത്തിയ പൊന്മകള് വന്താല്‍ എതിര്‍പ്പുകളെയെല്ലാം മറികടന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ (ആമസോണ്‍ പ്രൈം) റിലീസ് ചെയ്തു. ജ്യോതികയുടെ ഭര്‍ത്താവ് കൂടിയായ നടന് സൂര്യയുടെ തന്നെ നിര്മ്മാണകമ്പനി 2ഡി എന്റര്ടൈന്മെന്റ്സ് ആണ് ചിത്രം നിര്‍മ്മിച്ചത്. തന്റെ ചിത്രങ്ങളുടെ റിലീസ് പോലും ഭീഷണിയിലായിട്ടും സൂര്യ എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മലയാളത്തില്‍ സൂഫിയും സുജാതയും ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് അതിന് മുന്നിട്ടിറങ്ങിയത്. പിന്നാലെ ജിയോബേബി സംവിധാനം ചെയ്ത് ടൊവിനോ പ്രധാനവേഷത്തില്‍ അഭിനയിച്ച കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സും മഹേഷ് നാരായണന് സംവിധാനം ചെയ്ത ഫഹദ് ഫാസിലിന്റെ സി യു സൂണും ഒ.ടി.ടി. യില്‍ റിലീസ് ചെയ്തു. നിരവധി എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ ചിത്രം ഒ.ടി.ടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞത്. സംഗതി ക്ലിക് ആയതോടെ മലയാളം ഇന്ഡസ്ട്രിയിലെ ചില പ്രമുഖര്‍ ഒ.ടി.ടി. പ്രോജക്ടുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള സജീവ ചര്ച്ചകളിലാണത്രേ.
കുറഞ്ഞ ബജറ്റില്‍ മികച്ച പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ് ഒ.ടി.ടിയുടെ മേന്മ. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയെ ഭയക്കേണ്ട എന്നതാണ് മറ്റൊരു അഡ്വാന്റേജ്. അങ്ങിനെ വരുമ്പോള്‍ ലൈംഗികതയുടെ അതിപ്രസരം ഇത്തരം സിനിമകളില്‍ കുത്തി നിറയ്ക്കാന്‍ സാധിക്കും. ആത്യന്തികമായി അത് വ്യൂവര്‍ഷിപ്പ് വര്‍ദ്ധിക്കാന്‍ സഹായകരമാകും എന്നതാണ് മറ്റൊരുനേട്ടം. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 65 ശതമാനത്തിലധികം 13-35 വയസ് റെയ്ഞ്ചിലുള്ളവരാണ് എന്നതിനാല്‍ ഇവിടെ കച്ചവടസാധ്യത ഏറെയാണ്. മാത്രമല്ല ഫോര്‍ ജി യുഗത്തില്‍ പല മൊബൈല്‍ സേവനദാതാക്കളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഒ.ടി.ടി. ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇത് മാര്‍ക്കറ്റ് കൂടുതല്‍ വിശാലമാക്കുന്നു.
ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പലരും ഇന്ന് ഒ.ടി.ടി. സ്ക്രീനുകളിലെ നിറസാന്നിദ്ധ്യമാണ്. ഫീല്‍ഡ് ഔട്ട് ആയ താരങ്ങള്‍ പലരും ഒ.ടി.ടിയിലൂടെ അതിശക്തമായി തിരിച്ച് വരവിന് ശ്രമിക്കുന്നുണ്ട്. ഇത് നമ്മുടെ താരങ്ങളേയും ആകര്‍ഷിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി അനിയന്ത്രിതമായി നീളുന്ന സാഹചര്യത്തില്‍ പല താരങ്ങളും വരുമാനം നിലച്ച അവസ്ഥയിലാണ്. ഇതിങ്ങിനെ തുടര്‍ന്നാല്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ തീയേറ്റര്‍ ഉടമകളുടെ എതിര്‍പ്പ് അവഗണിച്ചിട്ടായാലും തങ്ങളുടെ നിലനില്‍പ്പ് നോക്കിയേ തീരൂ എന്ന നിലപാടിലാണ് ചില താരങ്ങളും നിര്‍മ്മാതാക്കളും. അതേസമയം, വന്‍കിട പ്രോജക്ടുകള്‍ ഒ.ടി.ടിയിലൂടെ മാത്രം റീലീസ് ചെയ്ത് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകില്ല എന്നത് തിരിച്ചടിയാണ്. ചെറുകിട പ്രോജക്ടുകളില്‍ നിന്നും ലഭിക്കാവുന്ന മോണിറ്ററി ബെനിഫിറ്റില്‍ ചില താരങ്ങള്‍ തൃപ്തരല്ല താനും. എന്നാല്‍ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതുവരെയെങ്കിലും ചില ചില്ലറ പൊടിക്കൈകള്‍ പയറ്റിയേ തീരൂ എന്ന നിലപാടിലാണ് ഒരുവിഭാഗം സിനിമാപ്രവര്‍ത്തകര്‍.
-അനീഷ് മോഹനചന്ദ്രൻ
Recent Comments