സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രന് കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ ഇപ്പോള്‍ രവീന്ദ്രന് ആദരസൂചകമായി ലഭിച്ച ഫ്ളാറ്റ് വില്ക്കാന് ഒരുങ്ങുകയാണ്.
ഒമ്പത് വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. 25 ലക്ഷം രൂപയും ഫ്ളാറ്റും നല്‍കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. ഇതേത്തുടര്‍ന്ന് ശോഭ തന്നെ പ്രമുഖ ഗായകരെയും അഭിനേതാക്കളെയും സംഗീതജ്ഞരെയും പരിപാടിയിലേക്ക് ക്ഷണിച്ചു.
കെ എസ് ചിത്രയും കെ ജെ യേശുദാസും ഉള്‍പ്പെടെ നിരവധി ജനപ്രിയ ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കുകയും പ്രതിഫലം വാങ്ങാതെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. പരിപാടിക്കുള്ള ഗ്രൗണ്ട് പോലും സൗജന്യമായാണ് ലഭിച്ചത്. ഒടുവില്‍ ഫ്ളാറ്റിന്റെ താക്കോല്‍ പരിപാടിയുടെ വേദിയില്‍ വെച്ച് തന്നെ ശോഭയ്ക്ക് കൈമാറി.
പരിപാടിയുടെ സ്പോണ്‍സര്‍മാരായ ക്രിസ്റ്റല്‍ ഗ്രൂപ്പാണ് ഫ്ളാറ്റ് വാഗ്ദാനം ചെയ്തത്. പരിപാടിയുടെ സംപ്രേക്ഷണാവകാശം ഒരു സ്വകാര്യ ചാനലിന് 56 ലക്ഷം രൂപയ്ക്ക് വിറ്റു. സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ ഒന്നരക്കോടിയിലേറെ ലാഭമാണ് സംഘാടകര്‍ക്ക് ലഭിച്ചത്. എന്നാല്‍, ശോഭയ്ക്ക് മൂന്ന് ലക്ഷം രൂപ മാത്രമാണ് നല്‍കിയത്.
ശോഭ ഫ്ളാറ്റിലേക്ക് താമസം മാറിയെങ്കിലും വൈദ്യുതി കണക്ഷന് പോലും ലഭ്യമായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഫ്ളാറ്റിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് തയ്യാറായില്ല. വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ട് സംഘാടകരെ സമീപിച്ചെങ്കിലും അവരും സഹകരിച്ചില്ല.
അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഓരോ ഫ്ളാറ്റിന്റെയും പേരില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ആറുലക്ഷം രൂപ വീതം വായ്പ എടുത്തിരുന്നു. അവസാനം ഫ്ളാറ്റുകള്‍ അസോസിയേഷനെ ഏല്‍പ്പിച്ച് കൈ കഴുകി, ലോണ്‍ തീര്‍പ്പാക്കാനുള്ള ചുമതല താമസക്കാരെ ഏല്‍പ്പിച്ചു. തുടര്‍ന്ന്, ശോഭ മൂന്ന് ലക്ഷം രൂപ കടമെടുത്ത് രജിസ്ട്രേഷന് നടപടികള്‍ സ്വയം പൂര്‍ത്തിയാക്കി.
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഫ്ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട് താമസക്കാരെല്ലാം മാറിത്താമസിച്ചപ്പോള്‍, ശോഭയും വാടകയ്ക്ക് അടുത്തുള്ള വീടിന്റെ മുകള്‍ നിലയിലേക്ക് മാറി. ഒന്നര വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഇടയ്ക്ക് ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ അസോസിയേഷന് നല്‍കിയെങ്കിലും ആ തുക ഫ്ലാറ്റ് മെയിന്റനന്‍സിനായി ഉപയോഗിച്ചു.
രവീന്ദ്രന് മാസ്റ്റര്‍ക്കുള്ള ആദരസൂചകമായി ശോഭയുടെ കുടിശ്ശിക തല്ക്കാലം അസോസിയേഷനാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ പലിശ സഹിതം 12 ലക്ഷം രൂപയായി. ഫ്ളാറ്റിന്റെ രജിസ്ട്രേഷന് രേഖകള്‍ സ്വന്തമാക്കണമെങ്കില്‍ ശോഭ പണം നല്‍കണം.
‘വിവാദങ്ങളൊന്നും ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇപ്പോള്‍, 12 ലക്ഷം രൂപ എനിക്ക് വലിയ തുകയാണ്. പണം നല്കാന് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞാന്‍ ഫ്ളാറ്റ് വില്ക്കാന് ഒരുങ്ങുകയാണ്.’ ശോഭ പറഞ്ഞു.
Recent Comments