സന്തോഷ്ശിവനെ ഫോണില്‍ വിളിക്കുമ്പോഴെല്ലാം ഡിസ്ക്കണക്ട് ആവുകയായിരുന്നു. ഫോണ്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സന്തോഷ് ശിവനും മെസേജ് ചെയ്തു. പിന്നെയുള്ള മാര്‍ഗ്ഗം വാട്ട്സ്ആപ്പ് കോളായിരുന്നു.
‘എന്താണ് വിശേഷം?’ പ്രഭാതവന്ദനംപോലും മറന്ന് സന്തോഷ് ചോദിച്ചു.
‘ചേട്ടനല്ലേ വിശേഷം?’
‘എനിക്കെന്ത് വിശേഷം?’
‘പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുകയല്ലേ. മാനഗരത്തിന്റെ ഹിന്ദി പതിപ്പ്.’
‘അടുത്ത വര്‍ഷം ആദ്യമേ ഷൂട്ടിംഗ് ഉണ്ടാകൂ. കാസ്റ്റിംഗ് അടക്കം ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. താരസമ്പന്നമായ ചിത്രംകൂടിയാണ്. അതുകൊണ്ടുതന്നെ സ്റ്റുഡിയോകളുടെ ഇന്വോള്വ്മെന്റുമുണ്ടാകും. അതൊക്കെ പൂര്‍ത്തിയാക്കിയശേഷം അറിയിക്കാമെന്ന് കരുതിയതാണ്.’
‘ചേട്ടന് മാനഗരം കണ്ടിട്ടുണ്ടോ?’
‘പിന്നെ. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമാണ്. ഒരുപക്ഷേ അറിയപ്പെടുന്ന ഏതെങ്കിലും താരനിരക്കാര്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം ഹിറ്റാകേണ്ട ലോകേഷ് സിനിമയാണത്. ഒരു മഹാനഗരത്തില്‍ നടക്കുന്ന നാല് വ്യത്യസ്ത കഥകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുമുണ്ട്. പക്ഷേ ഒരു ക്ലൈമാക്സിലേയ്ക്കാണ് അവയെല്ലാം എത്തിച്ചേരുന്നത്. എന്റെ സിനിമ തീര്‍ച്ചയായും മാനഗരത്തിന്റെ തനിപ്പകര്‍പ്പാകില്ല. അതിന്റെ ഫ്ളേവര്‍ മാത്രമേ ഉണ്ടാകൂ. എനിക്ക് തോന്നുന്നത്, മാനഗരം പോലൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പശ്ചാത്തലം മുംബയ് പോലൊരു മഹാനഗരം നന്നെയാണ്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത സംസ്ക്കാരങ്ങളില്‍നിന്ന് വന്നവരായ അനവധിപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടമാണ് മുംബയ്. അവിടെയാണ് ഈ കഥ ശരിക്കും നടക്കേണ്ടത്. ഒരു പ്രാദേശിക ചിത്രമായി അത് ഒതുങ്ങേണ്ടതായിരുന്നില്ല. ഒരു ദേശീയ സ്വഭാവം തീര്‍ച്ചയായും എന്റെ ചിത്രത്തിനുണ്ടാവും. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദത്തില്‍ ഒരു ചോദ്യം അവശേഷിപ്പിച്ചാകും ചിത്രം അവസാനിക്കുക.’
‘വിക്രാന്ത് മാസ്സെയാണ് നായകനിരയില്‍. മറ്റ് താരനിര്‍ണ്ണയം ഏതെങ്കിലും പൂര്‍ത്തിയായോ?’
‘വിജയ് സേതുപതിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സഞ്ജയ് മിശ്ര, നന്ദിതാബോസ് എന്നിവരാണ് കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍. നായികയെയും കണ്ടെത്താനിരിക്കുന്നതേയുള്ളു.’
‘ക്യാമറാമാന് ആരാണ്?’
‘അതും ഞാന്‍തന്നെ ചെയ്യുന്നു.’
‘ഇപ്പോള്‍ എവിടെയാണ് ഉള്ളത്?’
‘ചെന്നൈയില്‍.’
‘ഇനി നാട്ടിലേയ്ക്ക് എന്നാണ്?’
‘ഈ മാസം അവസാനം വരണമെന്നാണ് ആഗ്രഹിക്കുന്നത്. ക്വാറന്റൈന് എന്നൊക്കെ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തിവച്ചിരിക്കുകയല്ലേ.’
‘ശരി ചേട്ടാ, നാട്ടില്‍ വന്നിട്ട് കാണാം.’
‘ഞാനും എത്തിയിട്ട് വിളിക്കുന്നുണ്ട്.’ സന്തോഷ്ശിവന്‍ ഫോണ്‍ വച്ചു.
ഷിബു തമീന്‍സാണ് മാനഗരത്തിന്റെ ഹിന്ദിപ്പതിപ്പ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റൈറ്റ്സ് അദ്ദേഹം നേരത്തെ സ്വന്തമാക്കിയിരുന്നു. തമിഴില്‍ പുലിയും ഇരുമുഖവും സാമി 2 ഉം നിര്‍മ്മിച്ച ഷിബു ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച മലയാളചിത്രം ജാക്ക് ഡാനിയല്‍ ആയിരുന്നു. ബോളിവുഡിലേയ്ക്കുള്ള തമീന്‍സിന്റെ ആദ്യ കാല്‍വയ്പ്പാണിത്.
Recent Comments