ഓസ്കാര്‍ വേദിയില്‍വച്ച് അവതരകനായ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ നടന് വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഓസ്ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസാണ് സ്മിത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരെ നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്.
ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സ്മിത്തിനെതിരായ നടപടി. അവാര്‍ഡ് വേദിയില്‍വച്ച് വില്‍ സ്മിത്തിന്റെ ഭാര്യ ജെഡ സ്മിത്തിനെ പരിഹസിച്ചതിനെത്തുടര്‍ന്നാണ് താരം ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. പിന്നീട് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി പ്രസംഗം ആരംഭിച്ച സ്മിത്ത്, സംഭവിച്ച പ്രവര്‍ത്തിയില്‍ അക്കാഡമിയോട് മാപ്പും അപേക്ഷിച്ചിരുന്നു.
ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ നടപടി പ്രാബല്യത്തില്‍ വരിക. എന്നാല്‍, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു. ഓസ്ക്കര്‍ അവാര്‍ഡ് നേടാന്‍ അഭിനേതാക്കള്‍ അക്കാദമി അംഗങ്ങള്‍ ആവണമെന്നില്ല. എന്നാല്‍ അക്കാദമി അംഗങ്ങള്‍ക്ക് മാത്രമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളൂ. വില്‍ സ്മിത്തിന്റെ ഓസ്ക്കര്‍ തിരികെ വാങ്ങണമെന്ന തരത്തിലുള്ള ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ വേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്.
റോക്ക്സിന്റെയും സ്മിത്തിന്റെയും പ്രവൃത്തിമൂലം ഇത്തവണത്തെ അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് പൂര്‍ണമായും നിറംകെട്ടുപോയിരുന്നു. അവാര്‍ഡുകള്‍ക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പകരം ദൗര്‍ഭാഗ്യകരമായ ഈ സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.
Recent Comments