അമിത വണ്ണവും ഭക്ഷ്യ എണ്ണ ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിന്റെ പേരും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്. ഇവർ ഇനി 10 പേരെ നിർദേശിക്കും. അത്തരത്തിൽ കൂടുതൽ പേരെ പ്രചാരണത്തിന്റെ ഭാഗമാക്കും.
എഴുത്തുകാരിയും എം പിയുമായ സുധാമൂർത്തി,ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യൻ മനു ഭാക്കർ, നടൻ ആർ. മാധവൻ, എന്നിവരാണ് അദ്ദേഹം നാമനിർദേശം ചെയ്ത മറ്റു വ്യക്തികൾ. കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണ കേസുകൾ ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിതവണ്ണം നാല് മടങ്ങായി വർധിച്ച് കൂടുതൽ ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആരോഗ്യമുള്ള രാജ്യത്തിന് അമിതവണ്ണം വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നേരത്തെ മൻ കി ബാത്തിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി രാജ്യത്തെ സെലിബ്രിറ്റികളായ പ്രമുഖരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം കൂടുന്നുവെന്നും ഈ അവസ്ഥയെ എതിർക്കാനായി ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Recent Comments