ഭാവഗായകന് പി. ജയചന്ദ്രന് തന്റെ അവസാന നാളുകളില്‍ പാടിയ മനോഹരമായ ഒരു ഗാനത്തിന്റെ അനുപല്ലവിയിലെ അവസാന വരികളാണ്.
മരണത്തിലും വന്ന് മുറുകെ പിടിക്കുന്ന
പരമേക ബന്ധു ശ്രീകാന്തന്.
ഈ വരികള്‍ തികഞ്ഞ ഭാവശുദ്ധിയോടെ ഭക്തിരസത്തോടെ ഇരുകണ്ണുകളും പൂട്ടി ആലപിക്കുമ്പോള്‍ പി. ജയചന്ദ്രന്റെ മുഖം ഭഗവാനില്‍ ലയിച്ചു ചേരുന്നതുപോലെ തോന്നി. ബി. ഹരിനാരായണന്റെ വരികള്‍ക്ക് കല്ലറ ഗോപന് ഈണമിട്ട വരികളാണ്. പാട്ടിന്റെ റെക്കോര്‍ഡിംഗിനിടെ പകര്‍ത്തിയ വീഡിയോയില്‍ ഈ ദൃശ്യം കാണാവുന്നതാണ്.
ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനായിരുന്നു പി. ജയചന്ദ്രന്. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന നാമമാണ് അദ്ദേഹം സദാ ഉരുവിട്ടുകൊണ്ടിരുന്നത്. അനായാസമരണമാണ് അദ്ദേഹം ഗുരുവായൂരപ്പനോട് യാചിച്ചിരുന്നത്. കഴിഞ്ഞ ദിവസം മരണം അദ്ദേഹത്തെ കവര്‍ന്നെടുത്ത് പോകുമ്പോള്‍ ആ ഭാവഗായകന്റെ നാവ് ഒരിക്കല്‍കൂടി കുരുക്കഴിച്ചിട്ടുണ്ടാവും ആ അനുപല്ലവിയിലെ രണ്ടുവരികള്‍ ചൊല്ലാന്‍. തീര്‍ച്ചയായിട്ടും ആ കൃഷ്ണഭക്തന്‍ വൈകുണ്ഡനാഥനില്തന്നെ വിലയം പ്രാപിച്ചിട്ടുണ്ടാവണം.
തന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്നത് ഗുരുവായൂരപ്പനായിരുന്നുവെന്ന് അദ്ദേഹം കഴിയുന്നിടത്തെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഗുരുവായൂരപ്പനെ കാണാന്‍ ഓടിയെത്തിയ ജയചന്ദ്രനോട് കൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് ‘കൃഷ്ണന്റെ ശംഖമാണ് എന്റെ ശബ്ദമെന്നാണ്’. അത്രയേറെ തന്മയീഭാവത്വം ഭഗവാനുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നു.
സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ഗുരുവായൂരില്‍ എത്താറുണ്ടായിരുന്നു. മുണ്ടും മേല്‍മുണ്ടുമായിരുന്നു സാധാരണ വേഷം. ഒരിക്കല്‍ ശ്രീകോവിലിന് മുന്നില്‍നിന്ന് ഭഗവാനുവേണ്ടി പാടാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഗുരുവായൂരില്‍ വന്നാല്‍ അദ്ദേഹം ഭഗവത് പ്രസാദം ഉണ്ണാതെ മടങ്ങുമായിരുന്നില്ല.
ഒരിക്കല്‍ ഭഗവാന്റെ ശീവേലി നടക്കുന്ന സമയം പെരുവനം കുട്ടന്മാരാരാണ് മേള പ്രമാണി. അന്നവിടെ പി. ജയചന്ദ്രനും ഉണ്ടായിരുന്നു, ഭക്തര്‍ക്കിടയില്‍ ഒരാളായി. മേളം കത്തിക്കയറുന്നതിനിടെ ആവേശം അടക്കാനാവാതെ ജയചന്ദ്രന് മുന്നോട്ട് ചെന്ന് പെരുവനത്തോട് ‘മേളം ഗംഭീരമായി’ എന്നു പറഞ്ഞു. പെട്ടെന്ന് പെരുവനം ചെണ്ടയെ ഒപ്പം ചേര്‍ത്തുപിടിച്ച് ജയചന്ദ്രന്റെ കാല്‍തൊട്ട് വണങ്ങി. ആ ഭഗവത് സന്നിധിയില്‍ കണ്ട മറ്റൊരു നല്കാഴ്ചയായിരുന്നു അത്. വിനയം കലാകാരന്മാരെ എത്രകണ്ട് നേര്മ്മപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവും.
ഗുരുവായൂരിലെ പ്രശസ്തമായ ഒരു സാംസ്കാരിക സംഘടന ഈ ജനുവരി ആദ്യം അദ്ദേഹത്തിനൊരു പുരസ്കാരം നല്കാന് തീരുമാനിച്ചിരുന്നു. അതില്‍ പങ്കുകൊള്ളാമെന്ന് അദ്ദേഹം ഏറ്റിരുന്നതുമാണ്. അപ്പോഴാണ് ജയചന്ദ്രന് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. പകരം അദ്ദേഹത്തിന്റെ മകനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ആശുപത്രി കിടക്കയില്‍നിന്ന് തിരിച്ചുവരുന്ന നിമിഷം ഗുരുവായൂരപ്പന്റെ അടുക്കലേയ്ക്ക് വരുമെന്ന് അന്നദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ അതിന് കാത്തുനില്‍ക്കാതെ ജയചന്ദ്രന് മടങ്ങുമ്പോള്‍ കൃഷ്ണഭക്തിയുടെ മറ്റൊരു അടയാളം കൂടിയാണ് മാഞ്ഞുപോകുന്നത്.
Recent Comments