ഭാവ ഗായകന് പി. ജയചന്ദ്രന് എം.കെ. അര്ജുനന് മാസ്റ്റര്‍ പുരസ്കാരം സമ്മാനിച്ചു. അര്ജുനന് മാസ്റ്ററുടെ അഞ്ച് മക്കള്‍ ചേര്‍ന്നാണ് ജയചന്ദ്രന് പുരസ്ക്കാരം നല്‍കിയത്. 25000 രൂപയും പ്രശസ്തി പത്രവും, ശില്പവും ചേര്‍ന്നതാണ് പുരസ്കാരം. പ്രഥമ അര്ജുനന് മാസ്റ്റര്‍ പുരസ്ക്കാരം ശ്രീകുമാരന്‍ തമ്പിക്കായിരുന്നു. എം.കെ. അര്ജുനന് മാസ്റ്റര്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘അര്ജുനന് മാസ്റ്ററെപോലെ ഇത്രയും വലിയ സംഗീത സംവിധായകന്റെ കൂടെ പാടാന്‍ കിട്ടിയ അവസരം വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇനി അങ്ങനെയുള്ള സംഗീതസംവിധായകന് വരില്ലല്ലോ എന്ന ദുഃഖം കടിച്ചമര്‍ത്തിയാണ് ഞാന്‍ ജീവിക്കുന്നത്. ഇന്ന് എല്ലാവരും ന്യൂജെന്‍ സംഗീതത്തെക്കുറിച്ച് പറയാറുണ്ട്. അത് മോശമാണെന്നല്ല. അത് ആസ്വദിക്കുന്നവര്‍ ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ അത് ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ല. അതെന്റെ കഴിവുകേടായിരിക്കും.’ മറുപടി പ്രസംഗത്തില്‍ ജയചന്ദ്രന് പറഞ്ഞു.
തുടര്‍ന്ന് അര്ജുനന് മാസ്റ്ററുടെ മകന് അശോകനെ ജയചന്ദ്രന് വേദിയിലേക്ക് വിളിപ്പിച്ചു. അവാര്‍ഡ് തുക തിരികെ നല്കി. ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിച്ചോളൂ.’ ജയചന്ദ്രന് പറഞ്ഞു.
ജയരാജ് വാര്യര്‍ അവതാരകനായ ചടങ്ങിന്റെ ഉദ്ഘാടകന്‍ ടി.എന്‍. പ്രതാപന് എം.പി. ആയിരുന്നു. ‘നല്ലൊരു സംഗീതാസ്വാദകനാണ് ഞാന്‍. പാടാന്‍ കഴിയില്ലെങ്കിലും എല്ലാ പാട്ടും എനിക്കിഷ്ടമാണ്. സാംസ്കാരിക തലസ്ഥാനത്തിന്റെ എം.പി ആയതില്‍ അഭിമാനിക്കുന്നു. ജയേട്ടനെ പോലുള്ള ഗായകരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. അര്ജുനന് മാസ്റ്റര്‍ക്ക് വേണ്ടത്ര പരിഗണന കലാകേരളം നല്‍കിയിട്ടില്ല എന്ന വിഷമം നിലനില്ക്കുന്നു. എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടാണ് മാസ്റ്ററുടെ ‘തിരയും തീരവും ചുംബിച്ചുറങ്ങി… എന്ന് തുടങ്ങുന്ന ഗാനം.’ ഉദ്ഘാടന പ്രസംഗത്തില്‍ ടി.എന്‍. പ്രതാപന് പറഞ്ഞു.
പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സംഗീത സംവിധായകരായ വിദ്യാധരന് മാസ്റ്റര്‍, ഔസേപ്പച്ചന്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ട്രസ്റ്റി രക്ഷാധികാരി ഡോ. സി.എം. രാധാകൃഷ്ണന്, വി.കെ. പ്രകാശന്, രഘുരാമ പണിക്കര്‍, ഗീതം സംഗീതം ഭാരവാഹികളായ സുകുമാരന്‍ ചിത്രസൗധം, മുഹമ്മദ് റഷീദ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് അര്ജുനന് മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമാലിക അരങ്ങേറി.
-ബാബു ഗുരുവായൂര്‍
Recent Comments