ഗാനാലാപന രംഗത്തെ തമ്പുരാനായ പി ജയചന്ദ്രന്റെ ഭൗതീകശരീരം ഇന്ന് (10 -1 -2025) രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടിൽ നാളെ രാവിലെ 9 മുതൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. നാളെ(11 -1 -2025 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കരിക്കുക
വ്യാഴാഴ്ച രാത്രി തൃശൂർ അമല ആശുപത്രിയിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. അർബുദബാധിതനായി ഏറെനാൾ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയചന്ദ്രൻ വീട്ടിൽ പോകാനുള്ള ആഗ്രഹത്തെത്തുടർന്ന് ബുധനാഴ്ച ഡിസ്ചാർജ് വാങ്ങി പോകുകയായിരുന്നു. എന്നാൽ വൈകിട്ട് ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. പൾസ് വളരെ കുറവായിരുന്നെന്നും വിദഗ്ധ ഡോക്ടർമാരെത്തി സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
1944 മാർച്ച് മൂന്നിന് കൊച്ചി രവിപുരത്തായിരുന്നു ജനനം. പിന്നീട് താമസം ഇരിങ്ങാലക്കുടയിലേക്ക് മാറ്റി. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽനിന്നാണ് സംഗീതത്തോടുള്ള താൽപര്യം ജയചന്ദ്രനിലേക്കു പകർന്നത്. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന – മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമായിരുന്നു.
ഒരു ദേശീയ അവാർഡും അഞ്ച് കേരള സംസ്ഥാന അവാർഡുകളും നാല് തമിഴ്നാട് സംസ്ഥാന അവാർഡുകളും ജയചന്ദ്രൻ നേടിയിട്ടുണ്ട് . മലയാളം , തമിഴ് , കന്നട , തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ട് .
Recent Comments