ആദിവാസി നേതാവായിരുന്ന ബിര്‍സ മുണ്ഡെയുടെ ജീവിത കഥ ബോളിവുഡില്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന് പാ രഞ്ജിത്ത്. ‘ബിര്‍സ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഷരീന്‍ മന്ത്രിയും കിഷോര്‍ അറോറയുടെ നമ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദിയിലെ തന്റെ അരങ്ങേറ്റ ചിത്രത്തിനായി ഇതിലും മികച്ച പ്രൊജക്ട് തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് സംവിധായകന് പറഞ്ഞു. ചിത്രത്തിന് പിന്നിലെ തിരക്കഥയും ഗവേഷണവും വളരെ വലിയ പ്രക്രിയയാണ്. ബിര്‍സയുടെ ജീവിതത്തില്‍ നിന്നും, സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ബോധ്യത്തില്‍ നിന്നും താന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗവേഷണത്തിലും തിരക്കഥാരചനയിലും ക്ഷമ കാണിച്ചതിന് നിര്‍മ്മാതാക്കള്‍ക്ക് നന്ദി എന്നും പാ രഞ്ജിത്ത് പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ആദിവാസി സ്വാതന്ത്ര്യ സമരനേതാവായിരുന്നു ബിര്‍സ മുണ്ഡെ. മുണ്ഡ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ മുണ്ഡ ആദിവാസികളുടെ സ്വാതന്ത്ര്യസമര മുന്നേറ്റമായ ‘ഉല്ഗുലാന്’ നേതൃത്വം നല്കി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന്റെ ചുവരില്‍ ഇദ്ദേഹത്തിന്റെ ഛായാചിത്രം സൂക്ഷിച്ചിരിക്കുന്നു. ഇത്തരത്തില്‍ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവാണ് ബിര്‍സ മുണ്ഡെ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
Recent Comments