കേരളത്തില്‍ രണ്ട് നിയമസഭ സീറ്റുകളിലേക്ക് ഉടനെ തെരെഞ്ഞെടുപ്പ് നടക്കും. പാലക്കാട്, ചേലക്കര എന്നിവയാണ് അവ. രാഹുല്‍ ഗാന്ധി റായിബറേലിയയില് തെരെഞ്ഞെടുക്കപ്പെട്ടതോടെ വയനാട് സീറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുക. വയനാട്ടില്‍ രാഹുല്‍ രാജിവെച്ചയുടന്‍ പ്രിയങ്ക ഗാന്ധിയെ അവിടെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് കഴിഞ്ഞ തവണ (2021) ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി പി പ്രമോദ് എന്നിവരായിരുന്നു.
2021 ല്‍ ഷാഫി പറമ്പിലിന് 54,079 വോട്ടുകളും ഇ ശ്രീധരന് 50,220 വോട്ടുകളും, സി പി പ്രമോദിനു 36,433 വോട്ടുകളുമാണ് കിട്ടിയത്. 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ഷാഫി പറമ്പില്‍ ശ്രീധരനെ പരാജയപ്പെടുത്തി. പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രനെയാണ് ഷാഫി പറമ്പില്‍ തോല്‍പ്പിച്ചത്. അന്ന് മൂന്നാം സ്ഥാനത്ത് എല്‍ഡിഎഫിലെ മുന്‍ എംപിയായ എന്‍എന്‍ കൃഷ്ണദാസ് ആയിരുന്നു.
2011 ല്‍ ആദ്യമായി ഷാഫി മത്സരിച്ചപ്പോള്‍ കന്നിയങ്കത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയത് എല്‍ഡിഎഫിലെ കെ കെ ദിവാകരനെയായിരുന്നു. അന്ന് മൂന്നാം സ്ഥാനത്ത് എത്തിയത് ബിജെപിയുടെ ഉദയഭാസ്ക്കര്‍ ആയിരുന്നു. 2011 ല്‍ ഉദയഭാസ്ക്കര്‍ 22,317 വോട്ടുകളാണ് നേടിയതെങ്കില്‍ 2016 ല്‍ ബിജെപിയുടെ ശോഭ സുരേന്ദ്രന് നേടിയത് 40,076 വോട്ടുകളായിരുന്നു. അതായത് 9.22 ശതമാനത്തിന്റെ വര്‍ധനവായിരുന്നു. 2021 ല്‍ ബിജെപിയുടെ ഇ ശ്രീധരന് നേടിയത് 50,220 വോട്ടുകളായിരുന്നു.അതായത് 6.26 ശതമാനത്തിന്റെ വര്‍ദ്ധനവ്. പാലക്കാട് ബിജെപിക്ക് നിലവില്‍ 35.34 ശതമാനവും യുഡിഎഫിനു 38.06 ശതമാനവും എല്‍ഡിഎഫിനു 25.64 ശതമാനവും വോട്ടുകളാണ് ഉള്ളത്. ഇതാണ് പാലക്കാട്ടെ നിയമസഭയിലെ കണക്കുകള്‍.
മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരം പാലക്കാട് പ്രധാന മത്സരം നടക്കുക ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും എന്നാണ് സൂചന .ഷാഫിപറമ്പില്‍ വടകര ലോകസഭയില്‍ നിന്നും ജയിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനു കളം ഒരുങ്ങിയത്. മൂന്നു പ്രാവശ്യമാണ് ഷാഫി പറമ്പില്‍ പാലക്കാട് വിജയിച്ചത്.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പലരും മോഹിക്കുന്നുണ്ട്. അതില്‍ പ്രധാനികള്‍ ഇവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, വിടി ബലറാം, ഡോ. പി സരിന്, പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എന്നിവരാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടക്കാരനായതിനാല് പാലക്കാട്ടെ കോണ്‍ഗ്രസുകാരുടെ എതിര്‍പ്പുണ്ട്. വിടി ബലറാം കഴിഞ്ഞ തവണ തൃത്തലയില്‍ മന്ത്രി എം ബി രാജേഷിനോട് മത്സരിച്ച് തോറ്റിട്ടുണ്ട്. അതുപോലെ ഡോ. പി സരിനും ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ തോറ്റു. ഷാഫി പറമ്പില്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ്. അതേസമയം കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി ഡോ. പി സരിനോ, വിടി ബലറാമോ ആയിരിക്കാം.
ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനോ, ഇക്കുറി പാലക്കാട് ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സി കൃഷ്ണ കുമാറോ ആയിരിക്കാനാണ് സാധ്യത. ഇവിടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മില്‍ നിന്നായിരിക്കും. സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജോ, അടുത്തകാലത്ത് മാധ്യമ പ്രവര്‍ത്തനം നിര്‍ത്തി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ എംവി നികേഷ് കുമാര്‍ എന്നിവരില്‍ ആരെങ്കിലുമാവാം. സിപിഎമ്മിലും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിക്ക് സാധ്യതയുണ്ട്.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീപാറുന്ന ത്രികോണ മത്സരമായിരിക്കും. യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ എല്‍ഡിഎഫ് പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള പോരാട്ടമായിരിക്കും നടത്തുക.
Recent Comments