കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താന്‍ ഇനി പത്തു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗംഭീര പ്രൊമോഷന് പരിപാടികള്‍ക്ക് ഇന്നലെ ഹൈദരാബാദില്‍ തുടക്കമായി. ഹൈദരാബാദ് ജെ ആര് സി കണ്വെന്ഷന് സെന്ററില്‍ നടന്ന പ്രി റിലീസ് പരിപാടിയില്‍ റാണാ ദഗുപതി, നാനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ദുല്‍ഖര്‍ സല്മാന്, ഷബീര്‍ കല്ലറക്കല്‍, ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രന് എന്നിവരും ചടങ്ങില്‍ പങ്കുകൊണ്ടു.
ചടങ്ങിനെത്തിയ ആരാധകരോട് ദുല്‍ഖര്‍ മലയാളത്തിലാണ് സംസാരിച്ച് തുടങ്ങിയത്.
‘എല്ലാ നാട്ടുകാര്‍ക്കും ഒരുപാട് സ്നേഹം, ഇഷ്ടം. 24-ാം തീയതി കറങ്ങി നടക്കാതെ തിയേറ്ററില്‍ പോയി സിനിമ കാണണം പ്ലീസ്’ ഹര്‍ഷാരവത്തോടെയാണ് ദുല്‍ഖറിന്റെ വാക്കുകളെ ആരാധകര്‍ ഏറ്റെടുത്തത്.
‘എന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്ത. ഈ ചിത്രത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതിന്റെ വിജയം ഉണ്ടാകുമെന്നും കരുതുന്നു. സംവിധായകന് അഭിലാഷ് ജോഷിയുടെയും സംഗീത സംവിധായകന് ജേക്സ് ബിജോയുടെയും പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ആവേശഭരിതനാണ്.’ ദുല്‍ഖര്‍ പറഞ്ഞു.
‘പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം ദുല്‍ഖര്‍ എന്നാണ്.’ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നാനി പറഞ്ഞു.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കിംഗ് ഓഫ് കൊത്ത ആഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തും. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments