അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍. ദീപ വര്‍മ, അരുണ്‍ വര്‍മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റില്‍ ചെലവഴിച്ച ഇവര്‍ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും വിശേഷങ്ങള്‍ പങ്കിട്ടു. തമിഴ് താരം സമ്പത്ത് റാം, സംവിധായകന് വിഷ്ണു ശശിശങ്കര്‍, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ലര്, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ ചിത്രം നിര്‍മ്മിക്കുന്നത്.
പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മനോജ് കെ. ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണനും പ്രൊമോഷന് കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറുമാണ്. ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.
Recent Comments