പതിനേഴു ദിവസം നീണ്ടു നിന്ന ലോക കായിക മേളയായ ഒളിമ്പിക്സ് നാളെ സമാപിക്കും. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് 2024 എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒളിമ്പിക്സ് ഫ്രാന്‍സില്‍ നടന്നത്. നാളെ ഒളിമ്പിക്സിനു തിരശീല വീഴും. ഉദ്ഘാടന ചടങ്ങ് ജൂലൈ 26 നായിരുന്നു. സമാപന ചടങ്ങു ആഗസ്റ്റ് 11 നു നാളെയാണ്. 10,714 കായികതാരങ്ങള്‍ 32 കായിക ഇനങ്ങളില്‍ മാറ്റുരച്ചു. സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക ഏന്തുന്നത് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീമില്‍ ഗോള്‍ കീപ്പറുമായ പി ആര് ശ്രീജേഷും ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡല്‍ നേടിയ മനുഭാസ്ക്കറുമാണ്.
2020 ല്‍ നടന്ന ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ നേടിയത് ഏഴു മെഡലുകളായിരുന്നു. അതില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും. പാരീസ് ഒളിമ്പിക്സില്‍ ഇതുവരെ ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ്.
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ നേടിയ മെഡലുകള്‍ വനിതാ വിഭാഗം ഭാരോദ്വഹനം (weightlifting) 49 കിലോഗ്രാം മത്സരത്തില്‍ മീരാബായ് ചാനു വെള്ളിയും ലോവ്ലിനാ ബോഗോഹൈന്‍ ബോക്സിങ്ങില്‍ വെങ്കലവും, വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു വെങ്കലവും, രവികുമാര്‍ ദഹിയ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ വെങ്കലവും, പുരുഷ ഹോക്കിയില്‍ വെങ്കലവും ബിജരംഗ് പുനിയ 65 കിലോഗ്രാം പുരുഷ ഗുസ്തിയില്‍ വെങ്കലവും പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണവും നേടി.
പാരീസ് ഒളിമ്പിക്സില്‍ ഒരു ദിവസം അവശേഷിക്കെ ആറു മെഡലുകളാണ് ഇന്ത്യക്ക് കിട്ടിയത്. കഴിഞ്ഞ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ നിന്നും രണ്ട് വെങ്കല മെഡല്‍ കിട്ടിയപ്പോള്‍ ഇത്തവണ അത് ഒന്നായി കുറഞ്ഞു. 57 കിലോഗ്രാം പുരുഷമാരുടെ ഗുസ്തിയില്‍ വെങ്കല മെഡലുമായി അമന് ഷെറാവത്തില് മാത്രമായി ചുരുങ്ങി. ഭാരോദ്വഹനം,ബാഡ്മിന്റണ്‍, ബോക്സിങ് എന്നിവയില്‍ ഒരു മെഡലും ഇന്ത്യക്ക് കിട്ടിയില്ല .ഹോക്കിയില്‍ വെങ്കലമെഡല്‍ നിലനിര്‍ത്തി. ജാവലിന്‍ ത്രോയില്‍ സ്വര്‍ണത്തില്‍ നിന്നും വെള്ളിയായി. ഇക്കുറി ഷൂട്ടിങിലാണ് കൂടുതല്‍ മെഡലുകള്‍ കിട്ടിയത്.
മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം 69 ആണ്. അമേരിക്കയും ചൈനയും സ്വര്‍ണ മെഡലിന്റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ്. 33 വീതം.അമേരിക്കയ്ക്ക് 39 വെള്ളിയും 39 വെങ്കലവും ഉള്‍പ്പെടെ 111 മെഡലുകള്‍. ചെനയ്ക്ക് 27 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 83 മെഡലുകളാണ്. പാരീസ് ഒളിമ്പിക്സില്‍ ഒരു ദിവസം അവശേഷിക്കെ മെഡല്‍ നിലയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തുമാണ്. മൂന്നാമത് ഓസ്ട്രേലിയ നാലാമത് ജപ്പാന് അഞ്ചാമത് ബ്രിട്ടന് ആറാമത് ഫ്രാന്‍സ് ഏഴാമത് തെക്കന്‍ കൊറിയ എട്ടാമത് നെതര്‍ലന്റ്സ് ഒമ്പതാമത് ജര്‍മനി പത്താമത് ഇറ്റലിയും. പാരീസ് ഒളിമ്പിക്സില്‍ സ്വര്ണമില്ലാതെയായിരിക്കൂമോ ഇന്ത്യയുടെ മടക്കം.
വനിത ഗുസ്തിതാരമായ വിനേഷ് ഫോഗാടി (Vinesh Phogat) നു ഉറപ്പായ വെള്ളിമെഡലാണ് നൂറുഗ്രാം തൂക്കം കൂടുതലാണെന്ന കാരണത്താല്‍ നഷ്ടപ്പെട്ടത്. ഒരുപക്ഷെ സ്വര്‍ണവും ഈ ഗുസ്തിതാരത്തിനു ലഭിക്കുമായിരുന്നു. ഇനി ഇന്ന് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ 76 കിലോഗ്രാം വനിതാ ഗുസ്തി മത്സരവും, ഗോള്‍ഫും മാത്രമാണ്. അതില്‍ മെഡല്‍ കിട്ടിയില്ലെങ്കില്‍ കഴിഞ്ഞ ഒളിമ്പിക്സിനേക്കാള്‍ ഒരു മെഡല്‍ കുറയും.
Recent Comments