ജയറാമും ഭാവനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിന്ററിന് രണ്ടാംഭാഗം വരുന്നു. 2009 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ദീപു കരുണാകരനാണ്. ദീപു തന്നെയാണ് ഈ വിവരം കാന്‍ ചാനലിനോട് പങ്കുവച്ചതും.
‘വിന്ററിന്റെ രണ്ടാം ഭാഗമാണെങ്കിലും കഥ വേറൊന്നാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളിലും മാറ്റമുണ്ടാകും. ജയറാമേട്ടനും ഭാവനയും ചിത്രത്തിലുണ്ടാവില്ല. സ്റ്റാര്‍ കാസ്റ്റിംഗ് നടന്നുവരികയാണ്. വിന്ററിന്റെ ആദ്യഭാഗത്തിന് തിരക്കഥ എഴുതിയതും ഞാനായിരുന്നു. ഇത്തവണ എന്റെ സുഹൃത്ത് കൂടിയായ ശരത് വിനായകാണ് തിരക്കഥ ഒരുക്കുന്നത്.’ ദീപു കരുണാകരന് പറഞ്ഞു.
ദീപു കരുണാകരന്റെ ഉടമസ്ഥതയിലുള്ള ലെമണ്‍ പ്രൊഡക്ഷനാണ് വിന്റര്‍ 2 ഉം നിര്‍മ്മിക്കുന്നത്. ലെമണ്‍ പ്രൊഡക്ഷന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണ്. ആദ്യ ചിത്രം ‘ഞാന്‍ കണ്ടതാ സാറേ’ ആയിരുന്നു. ദീപു തന്നെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആയിട്ടില്ല. അതിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കോ-പ്രൊഡ്യൂസര്‍ അമീര്‍ അബ്ദുള്‍ അസീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മുരുകന് എസ്., ക്യാമറ പ്രദീപ് നായര്‍, ആര്‍ട്ട് സാബു റാം, എഡിറ്റര്‍ അരുണ്‍ തോമസ്, മ്യൂസിക് മനു രമേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി കാട്ടാക്കട, ഫിനാന്‍സ് കണ്ട്രോളര് സന്തോഷ് ബാലരാമപുരം, അസോസിയേറ്റ് ഡയറക്ടര്‍ സാംജി ആന്റണി, സ്റ്റില്‍സ് അജി മസ്കറ്റ്.
Recent Comments