ഇന്നലെയാണ് പത്തൊമ്പതാം നൂറ്റാണ്ട് കണ്ടത്. കാണാന്‍ വൈകിയത് മനഃപൂര്‍വ്വമായിരുന്നില്ല. ശരീരത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ ജ്വരത്തിന് ശമനം വന്നുതുടങ്ങിയത് ഇന്നലെ മാത്രമായിരുന്നു.
ചരിത്രസിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്രം വിസ്മൃതിയിലാഴ്ത്തിയ പല ധീരദേശാഭിമാനികളും നമുക്കുണ്ടായിരുന്നു. അവരിലൊരാളാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീര സാഹസിക കഥകളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇതിവൃത്തം. ഒപ്പം ആ കാലത്തിന്റെ സാമൂഹ്യപശ്ചാത്തലവും സിനിമ വ്യക്തമായും പറയുന്നു. പൂര്‍ണ്ണമായും ചരിത്ര സിനിമയാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയേണ്ടിവരും. ചരിത്രത്തെ അതേപടി പുനരാവിഷ്ക്കരിച്ചാല്‍ അത് ഡോക്യുമെന്റേഷനാകും. സിനിമ കുറേക്കൂടി കലാപരത ആവശ്യപ്പെടുന്നുണ്ട്. അത്തരം ചേരുവകള്‍കൂടി നിറച്ചതാണ് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്.
ബിഗ് കാന്‍വാസിലാണ് പത്തൊമ്പതാം നൂറ്റാണ്ട് വിനയന് അണിയിച്ചൊരുക്കിയിരിക്കുന്നത്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ തനിക്ക് വിശാലമായ കാന്‍വാസിലും സിനിമയെടുക്കാന്‍ കഴിയുമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ തെളിയിച്ച പ്രതിഭാധനനാണ് വിനയന്. അന്നത് തീപ്പൊരിയായിരുന്നുവെങ്കില് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ അഗ്നിയായി പടര്ന്നുവെന്നുമാത്രം.
നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള എണ്ണമറ്റ ചരിത്ര സിനിമകള്‍ ഇന്ത്യയില്‍തന്നെ പിറവി കൊണ്ടിട്ടുണ്ട്. ആ നിര്‍മ്മിതികള്‍ക്കെല്ലാം കനപ്പെട്ട കോടികളുടെ കഥ പറയാനുമുണ്ട്. മലയാളസിനിമയ്ക്ക് അത്തരം ബഡ്ജറ്റുകളൊന്നും താങ്ങാവുന്നതല്ല. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സ്വാഭാവികനിര്മ്മിതിക്കാണ് വിനയന് ശ്രമിച്ചിട്ടുള്ളത്. കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അതിപ്രസരങ്ങള്‍ എവിടെയുമില്ല. വികലമായ പതിപ്പുകളും. സിനിമാസ്വാദനത്തെ അത് കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
സംവിധാനമികവ് അടയാളപ്പെടുത്തുന്ന അനവധി സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. ഒരു ഉദാഹരണംകൂടി പറയാം. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെങ്ങനെയെന്ന് നോക്കൂ, വേണമെങ്കില്‍ അദ്ദേഹത്തിന്റെ മരണം ഏതൊരു വീരപുരുഷനും ലഭിക്കാവുന്ന രീതിയില്‍ ആഘോഷമാക്കാമായിരുന്നു. പക്ഷേ നാലഞ്ച് കട്ട്ഷോട്ടുകളിലൂടെ സംവിധായകന് അത് അവസാനിപ്പിക്കുകയാണ്. കാരണം നായകനില്ലാത്ത രംഗങ്ങളാണ് ഇനി അവശേഷിക്കുന്നത്. ലാഗ് ചെയ്യാത്ത രീതിയില്‍ അത് അവതരിപ്പിക്കാന്‍ വിനയന് കണ്ടെത്തിയ ഒരു ജംപ് കട്ടായിരുന്നു അത്. വിനയന് എന്ന സംവിധായകന്റെ മിടുക്കാണത്.
അത്തരം കാഴ്ചകളെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍ പങ്ക് വഹിച്ച വേറെയും ചിലരുണ്ട്. അവരില്‍ പ്രധാനികളാണ് ക്യാമറാമാന് ഷാജികുമാറും കലാസംവിധായകന്‍ അജയന് ചാലിശ്ശേരിയും മേക്കപ്പ് മാന്‍ പട്ടണം റഷീദും കോസ്റ്റിയൂമര്‍ ധന്യാ ബാലകൃഷ്ണനും. അവരുടെ സമര്‍ത്ഥമായ ഏകോപനമാണ് കാഴ്ചകളെ അത്യന്തം ആനന്ദദായകമാക്കുന്നത്. ഷാജികുമാറിന്റെ പ്രകാശവിന്യാസ മികവുകൂടി ചേരുമ്പോള്‍ അതൊരു ഛായാചിത്രംപോലെ സുന്ദരമാകുന്നു.
എപ്പോഴും ഒരു നല്ല ചിത്രം വരയ്ക്കണമെങ്കില്‍ അതിനേക്കാളും സുന്ദരമായൊരു ചുവരുണ്ടാവണം. ആ ചുവരൊരുക്കിയത് ശ്രീഗോകുലം മൂവിസും അതിന്റെ സാരഥി ഗോകുലം ഗോപാലനുമാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു ചിത്രം സ്വപ്നംപോലും കാണാനാകുമായിരുന്നില്ല.
ഇനി താരങ്ങളെക്കുറിച്ചാണ്, അല്ല നടീനടന്മാരെക്കുറിച്ചാണ് പറയാനുള്ളത്. എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. എടുത്ത് പറയേണ്ടത് ആറാട്ടുപുഴ വേലായുധപ്പണിക്കരായി ജീവിച്ച സിജുവില്സനെക്കുറിച്ചാണ്. ഒരു അഭിനേതാവിന്റെ ഒടുങ്ങാത്ത അഭിനിവേശം സിജുവിന്റെ ഓരോ ചലനങ്ങളിലും കാണാം. അതിനുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നുണ്ട് അദ്ദേഹം. അതിന്റെ ഫലമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. വടക്കന്‍പാട്ടിലെ ചന്തു മമ്മൂട്ടിയിലൂടെ ഓര്ക്കപ്പെടുന്നതുപോലെ കാലം ആറാട്ടുപുഴ വേലായുധപ്പണികരെ കാണുന്നത് സിജു വില്സനിലൂടെയാകും. ചരിത്രസിനിമയായതുകൊണ്ടുതന്നെ പറയുന്ന സംഭാഷണങ്ങളില്‍പോലും ഒരു നാടകീയത ആവശ്യമാണ്. ഡയലോഗ് റെന്ററിംഗിലും ഷിജു അസാമാന്യ കയ്യടക്കം പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
നങ്ങേലിയായി വന്ന കയാദു ലോദറിനെയും മറക്കാനാകില്ല. അന്യഭാഷക്കാരിയാണ്. എന്നിട്ടും ശരീര ചലനങ്ങളിലടക്കം അവര്‍ മിതത്വം പുലര്‍ത്തുന്നുണ്ട്. ആയില്യം തിരുന്നാള്‍ രാമവര്‍മ്മയായി അനൂപ് മേനോനും പണിക്കശ്ശേരി പരമേശ്വരകൈമളായി സുരേഷ് കൃഷ്ണയും പടവീടന്‍ നമ്പിയായി സുദേവ് നായരും കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണ്. എന്തിനേറെ, വൈഡ് ഫ്രെയിമുകളിലൂടെയാണ് പത്തൊമ്പതാം നൂറ്റാണ്ട് ഏറെയും സഞ്ചരിക്കുന്നത്. അതില്‍ അഭിനയിക്കുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കടക്കം എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന് പത്തൊമ്പതാം നൂറ്റാണ്ട് ഓര്‍മ്മിപ്പിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യം ഭാവിയില്‍ ഉയര്‍ന്നേക്കാനിടയുണ്ട്. കായംകുളം കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് ഇപ്പോഴേ വിവാദങ്ങള്‍ കത്തി തുടങ്ങിയിട്ടുണ്ട്. ചരിത്രം പലപ്പോഴും മൗനങ്ങളാലും ശൂന്യതകളാലും സമ്പന്നമാണ്. അത് വ്യാഖ്യാനിക്കാനും പൂരിപ്പിക്കാനും ചിലര്‍ ശ്രമം നടത്തുമ്പോള്‍ ഏകപക്ഷീയമായേക്കാം. അതവരുടെ ശരിയാണ്. കാരണം അവര്‍ വായിച്ചതും കേട്ടതുമായ ചരിത്രത്തെയാണ് അവര്‍ പുനരവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് ആ നിലയ്ക്കും സമ്പൂര്‍ണ്ണ ചലച്ചിത്രകാവ്യമാണ്.
കെ. സുരേഷ്
Recent Comments