പട്ടം സനിത്തിനെ പരിചയം ഒരു ഗായകനെന്ന നിലയിലാണ്. സ്കൂള്‍ യുവജനോത്സവ വേദികളിലാണ് ആ ശബ്ദം ആദ്യം കേട്ടു തുടങ്ങിയത്. 1989 ല്‍ പാലക്കാട് മലമ്പുഴയില്വച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാന മത്സരത്തിന് ഒന്നാം സമ്മാനം നേടിയതും സനിത്തായിരുന്നു. ആ ഗാനം ചിട്ടപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററായിരുന്നു. ഒ.എന്‍.വി. കുറുപ്പിന്റേതായിരുന്നു വരികള്‍. സനിത്തിന്റെ സ്വരമാധുര്യംകൂടി ചേര്‍ന്നപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിജയിയെ നിര്‍ണ്ണയിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതിനുശേഷവും നിരവധി കലോത്സവ വേദികളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
ആയിടയ്ക്കാണ് ദേവരാജന്‍ മാസറ്ററിന്റെ നേതൃത്വത്തിലുള്ള ദേശഭക്തിഗാന സംഘത്തിലേയ്ക്ക് ഗായകരെ തേടുന്നു എന്നുള്ള വാര്‍ത്ത എത്തുന്നത്. ഓഡിഷനില്‍ സനിത്തും പങ്കെടുത്തു. പിന്നീട് കാണുന്നത് ദേവരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യനായി സനിത്ത് മാറുന്നതാണ്. ദേവരാജന്‍- ഒ.എന്‍.വി. കൂട്ടുകെട്ടില്‍ തരംഗിണിക്കുവേണ്ടി പുറത്തിറക്കിയ നിരവധി ആല്‍ബങ്ങളിലും സനിത്തായിരുന്നു പ്രധാന ഗായകന്.
അക്കാലത്തുതന്നെ ആകാശവാണിയിലും ദൂരദര്‍ശനിലും ഏഷ്യനെറ്റ് അടക്കമുള്ള ചാനലുകളിലും അദ്ദേഹം നിരവധി പ്രോഗ്രാമുകള്‍ ചെയ്തു. സ്വദേശത്തും വിദേശത്തും എണ്ണമറ്റ ഗാനമേളകള്‍ അവതരിപ്പിച്ചു.
2014 ല്‍ ശങ്കര്‍ മഹാദവേന്‍ അക്കാദമി ദേശീയതലത്തില്‍ നടത്തിയ സംഗീത മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തോടുകൂടി വിജയിയായി. 2015 ലെ മികച്ച ഗായകനുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ പുരസ്കാരവും 2018 ലെ നടന് സുകുമാരന്‍ സ്മാരക ചലച്ചിത്ര അവാര്‍ഡും സനിത്തിനെ തേടിയെത്തി.
സിനിമയില്‍നിന്നും സനിത്തിനെത്തേടി അവസരങ്ങളെത്തിക്കൊണ്ടിരുന്നു. ലൗലാന്റ് എന്ന ചിത്രത്തിലെ ‘മനസ്സിന്റെ ഉള്ളില്‍നിന്ന്…’ എന്ന് തുടങ്ങുന്ന ഗാനം സനിത്ത് പാടിയതാണ്. തുടര്‍ന്ന് ഏഴ് വര്‍ണ്ണങ്ങള്‍, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലും പാടി. 2019 ല്‍ ബാലഭാസ്കര്‍ അവാര്‍ഡ് സനിത്തിനെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം എന്ന നിലയിലാണ്.
കലാപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍നിന്നാണ് സനിത്ത് വരുന്നത്. അമ്മ സരോജിനിയുടേത് ഒരു സംഗീതകുടുംബമായിരുന്നു. അമ്മയുടെ അച്ഛന് ഇടവന്‍കാട് ടി.എന്‍. പത്മനാഭന് പ്രശസ്തനായ ശില്പിയായിരുന്നു. രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദില്‍നിന്ന് ദേശീയ പുരസ്കാരം നേടിയിട്ടുള്ള ആളാണ് അദ്ദേഹം. സനിത്തിന്റെ മുത്തച്ഛന്മാരും രാജസദസ്സിലെ അറിയപ്പെടുന്ന കലാകാരന്മാരായിരുന്നു.
അവസരങ്ങള്‍ ഇപ്പോഴും സനിത്തിനെ തേടിയെത്തുന്നുണ്ട്. പക്ഷേ ഔദ്യോഗിക ജീവിതത്തില്‍ ഏറെ തിരക്കുള്ള ആളാണ് അദ്ദേഹം. പ്രശസ്തമായ ഒരു ബാങ്കിന്റെ മാനേജരാണ്. ജോലി ഉപേക്ഷിച്ച് സംഗീതത്തിന് പിറകെ പോകാന്‍ അദ്ദേഹം ഒരുക്കമല്ല. ഇടവേളകളില്‍ സംഗീതത്തിനുവേണ്ടി സമയം കണ്ടെത്താനാണ് ശ്രമിക്കുന്നത്. രതികയാണ് സനിത്തിന്റെ ഭാര്യ. ഏക മകന് അനൂപ് ലയോള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Recent Comments