റാം ചരണ്‍-ശങ്കര്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയായ ‘ഗെയിം ചേഞ്ചറി’ന്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയില് നടന്നു. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജനുവരി 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തില്‍ ഈ ചിത്രം വമ്പന്‍ റിലീസായി പ്രദര്‍ശനത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ്. കിയാര അദ്വാനിയാണ് നായിക. എസ്.ജെ. സൂര്യ, അഞ്ജലി, ശ്രീകാന്ത്, നവീന്‍ ചന്ദ്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
പ്രീ-റിലീസ് പരിപാടിയുടെ മുഖ്യാതിഥിയായ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍ ചിത്രത്തിന്റെ ടീമിന് വിജയാശംസകള്‍ നേര്‍ന്നു. ശങ്കറിന്റെ ശക്തമായ കഥപറച്ചിലിനെയും രാംചരണിന്റെ പ്രതിബദ്ധതയെയും പ്രശംസിച്ച പവന് കല്യാണ്‍, ഓരോ വിജയത്തിലും കൂടുതല്‍ എളിമ പ്രകടിപ്പിക്കുന്ന രാം ചരണിന്റെ അടിസ്ഥാന സ്വഭാവം രൂപപ്പെടുത്തിയതിന് ചിരഞ്ജീവിയെയും പ്രശംസിച്ചു. രംഗസ്ഥലം, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളില്‍ റാം ചരണ്‍ നടത്തിയ മികച്ച പ്രകടനങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു അഭിനന്ദിച്ചു.
ഒരു മന്ത്രിയും കളക്ടറും തമ്മിലുള്ള സംഘര്‍ഷം അവതരിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും, ഇരട്ട വേഷത്തില്‍ റാം ചരണ്‍ ഗംഭീര പ്രകടനമാണ് ഇതില്‍ നടത്തിയതെന്നും സംവിധായകന് ശങ്കര്‍ പറഞ്ഞു. ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ചതിന് നിര്‍മ്മാതാവ് ദില്‍ രാജു ആന്ധ്ര പ്രദേശ് സര്‍ക്കാരിന് നന്ദി പറഞ്ഞപ്പോള്‍, ചടങ്ങില്‍ സംസാരിച്ച നടന്മാരായ എസ്ജെ സൂര്യയും ശ്രീകാന്തും രാം ചരണിന്റെ അര്‍പ്പണബോധത്തെയും അഭിനയ മികവിനെയും പ്രശംസിച്ചു. സംസ്ഥാന ഛായാഗ്രഹണ മന്ത്രി കണ്ടുല ദുര്‍ഗേഷ്, എം. എല്‍. എ. മാരായ ഗോരന്ത്ല ബുച്ചയ്യ ചൌധരി, ആദിറെഡ്ഡി വാസു, ബത്തുല ബലറാം, കോളികപുടി ശ്രീനിവാസ്, എം. എല്‍. സി. ഹരി പ്രസാദ്, കെ യു ഡി എ ചെയര്മാന് തുമ്മല ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ഗെയിം ചെയ്ഞ്ചര്‍ എന്നാണ് മറുപടി പ്രസംഗത്തില്‍ റാം ചരണ്‍ പവന് കല്യാണിനെ വിശേഷിപ്പിച്ചത്. ചിത്രത്തിന് അദ്ദേഹം നല്കിയ വലിയ പിന്തുണയ്ക്ക് റാം ചരണ്‍ നന്ദി അറിയിക്കുകയും ചെയ്തു. സംഗീത സംവിധായകന് തമന്, ഗാനരചയിതാക്കളായ രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ല ശ്യാം, സംഭാഷണ രചയിതാവ് സായ് മാധവ് ബുറ, അഭിനേതാക്കളായ നവീന്‍ ചന്ദ്ര, അഞ്ജലി, ശ്രീകാന്ത്, പൃഥ്വി, റച്ച രവി, സംവിധായകന് സുജീത്, നിര്‍മ്മാതാവ് ഹന്‍ഷിത എന്നിവര്‍ ആയിരുന്നു ചടങ്ങിലെ മറ്റു അതിഥികള്‍. ആകര്‍ഷകമായ ആഖ്യാനവും ശക്തമായ പ്രകടനങ്ങളും കൊണ്ട്, ഗെയിം ചേഞ്ചര്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, ദില്‍ രാജു പ്രൊഡക്ഷന്‍സ്, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ഗെയിം ചേഞ്ചര്‍ നിര്‍മ്മിക്കുന്നത്. എസ്വിസിയും ആദിത്യറാം മൂവീസും ചേര്‍ന്നാണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുന്നത്. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എ.എ ഫിലിംസ് ആണ് ചിത്രം ഹിന്ദിയില്‍ പുറത്തിറക്കുന്നത്.
കഥ-കാര്‍ത്തിക് സുബ്ബരാജ്, തിരക്കഥ- വിവേക് വേല്മുരുകന്, ഡയലോഗ്- സായ് മാധവ് ബുറ, സഹനിര്‍മ്മാതാവ്- ഹര്‍ഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമന്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആന്റണി റൂബന്‍, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കലാസംവിധായകന്‍- അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍- അന്‍മ്പറിവ്, നൃത്തസംവിധായകര്‍- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാര്‍ട്ടിസ്, ജോണി, സാന്‍ഡി, ഗാനരചയിതാക്കള്‍- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ല ശ്യാം, ബാനര്‍- ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, പിആര്‍ഒ- ശബരി.
Recent Comments