പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം.
സംഗീതാസ്വാദകരുടെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് കല്യാണി മേനോന്. അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം. ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടിത്തുടങ്ങിയ സംഗീത സപര്യ.
1970 കളില്‍ ശാസ്ത്രീയ സംഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി, പിന്നീട് സിനിമയില്‍ പിന്നണി ഗായികയായി. 1977 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപിലൂടെയായിരുന്നു തുടക്കം. 1979 ല്‍ ഇളയരാജ സംഗീതം നല്കിയ ശിവാജി ഗണേശന് ചിത്രമായ ‘നല്ലതൊരു കുടുംബ’ത്തില്‍ ‘സെവ്വാനമേ പൊന്‍ മേഘമേ’ എന്ന ഗാനമാലപിച്ചുകൊണ്ടായിരുന്നു തമിഴിലെ അരങ്ങേറ്റം.
തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിറയെ മനോഹരഗാനങ്ങള്ക്ക് തന്റെ ശബ്ദത്തിലൂടെ ജീവന് നല്കി.
യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദ കല്പന ചാരുത നല്കിയ’ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ‘പവനരച്ചെഴുതുന്നു കോലങ്ങളിന്നും’ തുടങ്ങിയവ കരിറിലെ ഹിറ്റുകളായിരുന്നു. 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ തുടക്കത്തിലും എ.ആര്. റഹ്മാനോടൊപ്പമുള്ള പാട്ടുകളൊക്കെ ഹിറ്റുകളായിരുന്നു.
അലൈപായുതേ എന്ന ചിത്രത്തില്‍ ‘അലൈപായുതേ’ എന്ന ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലന്‍ എന്ന ചിത്രത്തിലെ ‘ഇന്ദിരയോ ഇവള് സുന്ദരിയോ’, വിണ്ണൈതാണ്ടി വരുവായിലെ ‘ഓമന പെണ്ണേ’ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ 96 എന്ന ചിത്രത്തിലെ ‘കാതലെ, കാതലെ’ എന്ന ഹിറ്റ് ഗാനമായിരുന്നു അവസാനമായി പാടിയത്.
2010ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചു.
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്, ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥന് കരുണ്‍ മേനോന് എന്നിവര്‍ മക്കളാണ്. സംവിധായിക ലത മേനോന് മരുമകളാണ്.
ഷെരുണ് തോമസ്
Recent Comments