ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനു സസ്പെന്ഷന്. തൃശൂര്‍ രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്റ് പ്രേമനെ ആണ് സസ്പെന്‍ഡ് ചെയ്തത് . അക്കാദമി ഡയറക്ടര്‍ എ.ഡി.ജി.പി പി വിജയനാണ് നടപടി സ്വീകരിച്ചത് .
വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് ഓഫീസര്‍ കമാന്‍ഡന്റിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. സംഭവം അറിഞ്ഞ ഉടനെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയില്‍ നിന്നും പരാതി രേഖാമൂലം വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് എ.ഡി.ജി.പി പി വിജയന് നടപടികളിലേക്ക് കടന്നത്.
ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനില്‍ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും വനിത ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു.
ഇതിനായി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിയില്‍ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പൊലീസ് അന്വേഷണത്തിന് സമിതി ശുപാര്‍ശയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സസ്പെന്ഷന് പുറമെ വകുപ്പ് തല നടപടിയും പിന്നാലെയുണ്ടാവും.
Recent Comments