നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. 90 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് ഹരിയാന നിയമസഭ തെരെഞ്ഞെടുപ്പിൽ നടക്കുന്നത് .ആംആദ്മി പാർട്ടി തനിച്ച് എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.ഇതുമൂലം പ്രതിപക്ഷ വോട്ടുകളിൽ പിളർപ്പുണ്ടാവുകയും മൂന്നാമതും ഭരണം നിലനിർത്താൻ കഴിയുമെന്നും ബിജെപി വിശ്വസിക്കുന്നു.
ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ടോടെ പുറത്തുവരും. ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ശക്തമായ പ്രചാരണമാണ് നടത്തിയത്. അഗ്നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഹരിയാനയിൽ പ്രചാരണം നടത്തി .മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു .
ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാനിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോകുന്നത്. രണ്ട് കോടി മൂന്ന് ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
Recent Comments