പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആഘോഷിക്കുമ്പോള്‍ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബല്‍ ‘കല്‍ക്കി 2898 എഡി’ സ്വന്തമാക്കി. റിലീസ് ദിനത്തില്‍ തന്നെ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കി കേരളത്തില്‍ വമ്പന്‍ കളക്ഷന്‍ നേടികൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രം 2024 ജൂണ്‍ 27നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്.
എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലി : ദ ബിഗിനിങ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ പ്രഭാസ് തന്റെ ആദ്യ 100 കോടി ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോള്‍ 2017 ഏപ്രില്‍ 28ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗമായ ‘ബാഹുബലി 2: ദ കണ്ക്ലൂഷന്’ലും ചരിത്രം ആവര്‍ത്തിച്ച് 100 കോടി ക്ലബ്ബിലെത്തിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ വലിയ ആരാധകവൃത്തം ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു.
പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്ത്, 2019 ആഗസ്റ്റ് 30ന് റിലീസ് ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യാണ് പ്രഭാസിന്റെ മൂന്നാമത്തെ 100 കോടി ചിത്രം. 2023 ഡിസംബര്‍ 22ന് റിലീസ് ചെയ്ത പ്രശാന്ത് നീല്‍ ചിത്രം ‘സലാര്‍: ഭാഗം 1’ താരത്തിന്റെ നാലാമത്തെ 100 കോടി ചിത്രം എന്ന ലേബല്‍ അലങ്കരിച്ചിരിക്കുമ്പോഴാണ് ഒറ്റ ദിവസംകൊണ്ട് പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന സ്ഥാനത്തേക്ക് ‘കല്‍ക്കി 2898 എഡി’ എത്തിയത്.
പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്, ഉലഗനായകന്‍ കമല്‍ ഹാസന്, ദീപിക പദുക്കോണ്‍, ദിഷാ പടാനി, ദുല്‍ഖര്‍ സല്മാന്, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്.
Recent Comments