സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. ഇതിനിടെ ചിത്രത്തിന്റെ ഒരു മേജര്‍ കാസ്റ്റിംഗ് കൂടി പുറത്ത് വന്നിരിക്കുകയാണ്. പ്രാഞ്ചി ടെഹ് ലാനാണ് സുരേഷ് ഗോപിക്കൊപ്പം വരാഹത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് പ്രാഞ്ചിക്ക്. പ്രാഞ്ചി ടെഹ് ലാന് നാല് ദിവസം മുമ്പ് ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. സുരേഷ് ഗോപിക്കൊപ്പമുള്ള രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്.
മുന്‍ ഇന്ത്യന്‍ നാഷണല്‍ നെറ്റ് ബോള്‍ ടീം ക്യാപ്റ്റനും ബാസ്കറ്റ് പ്ലെയറുമാണ് പ്രാഞ്ചി ടെഹ് ലാന്. 2010 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാഞ്ചി ടെഹ് ലാനായിരുന്നു. മമ്മൂട്ടി നായകനായ മാമാങ്കമാണ് പ്രാഞ്ചി ടെഹ് ലാന് അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീട് ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ റാമിലേയ്ക്കും ഇവരെ പരിഗണിച്ചിരുന്നു. പക്ഷേ ഡേറ്റ് ക്ലാഷ് മൂലം അത് നടന്നില്ല. മാമാങ്കത്തിനു ശേഷം പ്രാഞ്ചി ടെഹ് ലാന് അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് വരാഹം.
മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഞ്ജയ് പടിയൂര്‍ എന്റര്ടൈന്മെന്റ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് ജയ്നും സഞ്ജയ്പടിയൂരുമാണ് നിര്‍മ്മാതാക്കള്‍.
Recent Comments