ഭ്രമയുഗത്തിന്റെ അസാധാരണ വിജയത്തിനുശേഷം രാഹുല്‍ സദാശിവന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം നടക്കും. എറണാകുളമാണ് ലൊക്കേഷന്‍. രാഹുല്‍ സദാശിവന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളെയും പോലെ ഇതും ഒരു ഹൊറര്‍ ഗണത്തില്‍ പെടുന്ന ചലച്ചിത്രമാണ്. കാസ്റ്റിംഗ് നടന്നുവരുന്നതേയുള്ളൂ. വൈനോട്ട് സ്റ്റുഡിയോസും നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ നിര്‍മ്മാതാക്കളും ഇവരായിരുന്നു.
ലണ്ടന്‍ ഫിലിം അക്കാദമിയില്‍നിന്ന് സംവിധാനത്തിലും സൗത്ത് വേല്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നും വിഎഫ്എക്സില്‍ ബിരുദം നേടിയിട്ടുള്ള രാഹുല്‍ സദാശിവന് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം റെഡ് റെയ്നായിരുന്നു. നരേനും മോഹന്‍ ശര്‍മ്മയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. പിന്നീട് സംഭവിച്ചത് ഭൂതകാലവും ഭ്രമയുഗവുമായിരുന്നു.
നിരൂപക പ്രശംസയും ജനപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങള്‍. രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഭൂതകാലം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നുകൂടിയായി. അതിന് തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രവും സംഭവിക്കാന്‍ പോകുന്നത്.
വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലാണ് പ്രണവ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസില്‍ ഒരു അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.
Recent Comments