ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമെന്ന നിലയിലാണ് പ്രശാന്ത് മാമ്പുള്ളിയുടെ ആദ്യ സംവിധാന സംരംഭമായ ഭഗവാന് വാര്‍ത്തകളില്‍ ഇടം നേടിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് കന്നഡയില്‍ സുഗ്രീവയും മലയാളത്തില്‍ സദൃശ്യവാക്യവും അദ്ദേഹംതന്നെ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു. ശ്രീദേവി ബംഗ്ലാവാണ് പ്രശാന്ത് മാമ്പുള്ളി ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. പ്രിയാവാര്യരായിരുന്നു ഈ ഹിന്ദി ചിത്രത്തിലെ നായിക. ലണ്ടനില്‍ ചിത്രീകരണം പൂര്‍ത്തിയായ ശ്രീദേവി ബംഗ്ലാവിന്റെ ഫസ്റ്റ് കോപ്പി പൂര്‍ത്തിയായിട്ടുണ്ട്. അത് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഇതിനിടെയാണ് നവാസുദീന്‍ സിദ്ധിക്കിയെ കേന്ദ്രകഥാപാത്രമാക്കി ഒരു ഹിന്ദി പടം കൂടി പ്രശാന്ത് അനൗണ്‍സ് ചെയ്തത്. അതിന് പിന്നാലെ തന്റെ പുതിയ പ്രോജക്ടായ അല്‍ സക്വറിന്റെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് പ്രശാന്ത് മാമ്പുള്ളി.
‘അല്‍ സക്വര് പൂര്‍ണ്ണമായും ഒരു അറബ് ചിത്രമാണ്. ഫാല്‍ക്കന്‍ പക്ഷി എന്നാണ് ഈ അറബ് വാക്കിന്റെ അര്‍ത്ഥം. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രവും ഫാല്‍ക്കന്‍ പക്ഷിയാണ്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്ന യുദ്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരണം. അറബില്നിന്നുള്ള നടീനടന്മാരാണ് അഭിനയിക്കുന്നതും.’ പ്രശാന്ത് തുടര്‍ന്നു.
‘അറബ് രാജ്യത്ത് നടക്കുന്ന ഒരു കഥയായതുകൊണ്ടുതന്നെയാണ് ഇത് അറബ് ചിത്രമായി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. കഥയും തിരക്കഥയും സംഭാഷണവും ഞാന്‍ തന്നെയാണ് എഴുതിയത്. ഇംഗ്ലീഷിലായിരുന്നു രചന. അത് അറബിയിലേയ്ക്ക് തര്‍ജ്ജമ ചെയ്യാന്‍ ഒരാളെ അന്വേഷിക്കുന്ന സമയത്താണ് ലൈല മുഹമ്മദ് യാക്കൂബിനെക്കുറിച്ച് കേള്‍ക്കുന്നത്. അവര്‍ ബഹ്റിന് സ്വദേശിയാണ്. നടിയും എഴുത്തുകാരിയുമാണ്. അവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഞാന്‍ നേരില്‍ പോയി കണ്ടു. ആവശ്യമറിയിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാനറിഞ്ഞത്. അവര്‍ കാന്‍സര്‍ ബാധിതയായിരുന്നു. ഗംഗാധരന് ഡോക്ടറിന്റെ പേഷ്യന്റാണ്. കീമോയ്ക്കായി കേരളത്തിലെത്തിയതായിരുന്നു. എന്റെ കഥ അവര്‍ക്ക് ഇഷ്ടമായി. അപ്പോള്‍തന്നെ അറബിയിലേയ്ക്ക് അത് മൊഴിമാറ്റം ചെയ്തുതരാമെന്ന് വാക്ക് തരികയും ചെയ്തു. രണ്ട് ദിവസംമുമ്പ് ഗുരുവായൂരില്‍വച്ച് ഞാന്‍ തിരക്കഥ ലൈല മുഹമ്മദ് യാക്കൂബിന് കൈമാറി. ഉച്ചപൂജയ്ക്ക് നട അടച്ച് തുറന്നതിന് പിന്നാലെയായിരുന്നു അത്. അടുത്തവര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. യു.എ.ഇയിലെ വ്യവസായ പ്രമുഖനായ ഷംസുദ്ദീന് വക്കയിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.’ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.
Recent Comments