പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ജിനു വി. എബ്രഹാമാണ് ഖലീഫയുടെ കഥാകാരന്.
കഴിഞ്ഞ രണ്ട് വര്‍ഷമായി വൈശാഖും ജിനുവും ഈ കഥയ്ക്ക് പിന്നാലെയുണ്ടായിരുന്നു. അതിനൊരു നിയതരൂപം വന്നതോടെയാണ് പ്രൊജക്ടിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്. അതൊരു പൃഥ്വിരാജിന്റെ ജന്മദിനത്തിലായതും ആകസ്മികതയല്ല.
ഖലീഫ എന്നാല്‍ രാജാവ് എന്നര്‍ത്ഥം. രാജാവിനെപ്പോലെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ഖലീഫ. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജിനു എബ്രഹാം പറഞ്ഞു. ജിനു എബ്രഹാം തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍ എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. ഡോള്‍വിന്‍ കുര്യാക്കോസും സൂരജ് കുമാറും നിര്‍മ്മാണ പങ്കാളികളാണ്.
മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ദുബായും നേപ്പാളും കേരളവുമാണ് ലൊക്കേഷനുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ആരംഭിക്കും. നിലവില്‍ പൃഥ്വിരാജ് മാത്രമാണ് ഖലീഫയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട താരം. വന്‍ താരനിരതന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കൈദി, മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം ഒരുക്കിയ സത്യന് സൂര്യയാണ് ഖലീഫയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. ജേക്ക് ബിജോയ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഷാജി നടുവിലാണ്.
നിലവില്‍ ജിനു എബ്രഹാരം ഡോള്‍വിന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച കാപ്പയിലെയും നായകന് പൃഥ്വിരാജായിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ്. ജിനു തന്നെയാണ് ഈ രണ്ട് ചിത്രങ്ങളുടെയും കഥാകൃത്ത്. ടൊവിനോ തോമസിനെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ജിനു എബ്രഹാം ഇപ്പോള്‍.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ദീപാവലിക്ക് പ്രദര്ശനത്തിനെത്താനും ഒരുങ്ങുകയാണ്.
Recent Comments