പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന സലാറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. വിവിധ ഭാഷകളില്‍ താന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളില്‍ ഒരു സിനിമയില്‍ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു. പ്രഭാസ് നായകനാകുന്ന സലാര്‍ പാര്‍ട്ട് 1- സിസ് ഫയര്‍ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ പൃഥ്വിയുടെ അഞ്ച് ഭാഷയിലുള്ള ഡബ്ബിംഗ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മിക്ക ഭാഷകളും തെറ്റു കൂടാതെ കൈകാര്യം ചെയ്യാനുള്ള പൃഥ്വിയുടെ കഴിവ് മുമ്പേ പ്രസിദ്ധമാണ്. സലാറിലെ ഡബ്ബിംഗിന്റെ ഓരോ ഘട്ടത്തിലും മോഡുലേഷനില്‍ ഉള്‍പ്പടെ മെച്ചപ്പെടുത്തിയെടുക്കാന്‍ പൃഥ്വി കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. ഒരു മലയാള നടനെ സംബന്ധിച്ച് സവിശേഷമായ ഒരു നേട്ടമായിട്ട് ഇതിനെ കാണാവുന്നതാണ്.
‘അങ്ങനെ സലാര്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. കാലങ്ങളായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങള്‍ സ്വന്തം ശബ്ദം നല്‍കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ദേവയും വരദയും നിങ്ങളെ കാണാന്‍ എത്തും’ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Recent Comments