വിവാദങ്ങള്‍ക്കിടയിലും എമ്പുരാന് നേടിയ ചരിത്ര വിജയത്തിനു പിന്നാലെ പൃഥ്വിരാജ് ബോളിവുഡിലേക്ക്. കരീന കപൂറിനൊപ്പം പൃഥിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം വൈറലായി. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നത്. ദായ്റ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.
കേള്‍ക്കുന്ന നിമിഷം മുതല്‍ മനസില്‍ തങ്ങി നില്ക്കുന്ന ചില കഥകളുണ്ട്, ദായ്റ എനിക്ക് അങ്ങിനെ ഒന്നാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകളെന്നും മേഘ്ന ഗുല്‍സാര്‍, കരീന കപൂര്‍, ടീം ജംഗ്ലി പിക്ചേഴ്സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം കുറിച്ചു. കരീന കപൂര്‍, സംവിധായിക മേഘ്ന ഗുല്‍സാര്‍ എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സാം ബഹദൂര്‍ ആണ് മേഘ്നയുടെ അവസാന ചിത്രം. രണ്‍ബീര്‍ കപൂറിന്റെ അനിമലുമായി തിയേറ്ററില്‍ മത്സരിച്ച ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് ആഗോള തലത്തില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കിയതിനു പിന്നാലെ ‘നോബഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇതിനിടെയാണ് പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് കരീന കപൂര്‍ ഇറങ്ങി വന്ന് കാറില്‍ കയറുന്നതും പിന്നാലെ പൃഥ്വിരാജ് ഇറങ്ങി വരുന്നതും കാണാമായിരുന്നു. ഇതോടെ പൃഥ്വിരാജ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. വിഷു ദിനത്തിലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
Recent Comments