ഇന്ദ്രജിത്ത് സുകുമാരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത് ഒരു പഴയ ചിത്രമാണ്.
മൊട്ടത്തലയന്മാരായ ജ്യേഷ്ഠാനുജന്മാരുടെ ചിത്രം. അനുജന്റെ മൊട്ട തലയോട് ചേര്‍ന്ന് ചേട്ടന്റെ മൊട്ടത്തല. കൗതുകമുള്ള ഈ ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നാന’ സിനിമ വാരികയ്ക്കുവേണ്ടി അദ്ദേഹം എടുത്ത ചിത്രമാണിത്.
മദ്രാസ്സിലാണ് അന്ന് സുകുമാരന്‍ കുടുംബസമേതം താമസിക്കുന്നത്. ഒരു ഒഴിവ് സമയം സുകുമാരന്‍, ഭാര്യ മല്ലികയേയും മക്കളേയും കൂട്ടി തിരുപ്പതിയിലേയ്ക്ക് പോകുന്നു. സുകുമാരനും, മല്ലികയും മുമ്പ് പലവട്ടം തിരുപ്പതി ദേവസ്ഥാനം സന്ദര്‍ശിച്ചിട്ടുള്ളതാണ്. പക്ഷേ മക്കളെ കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. ഇത്തവണ അതിന് മുടക്കം വരുത്തരുതെന്ന് അവര്‍ കരുതി.
മദ്രാസില്‍നിന്ന് കാറിലായിരുന്നു തിരുപ്പതിയിലേയ്ക്കുള്ള യാത്ര. പളനിപ്പോലെ തന്നെ തിരുപ്പതിയിലും ആദ്യമായി എത്തുന്നവര്‍ മുടി കളയുന്ന ചടങ്ങ് ഉണ്ട്. നേര്ച്ചയായിട്ടൊന്നുമല്ലെങ്കിലും ഇന്ദ്രന്റെയും പൃഥ്വിയുടെയും മുടി എടുക്കാന്‍ തീരുമാനിക്കുന്നു. തൊട്ടുമുന്നിലൂടെ മൊട്ടത്തലകളുമായി നടന്നു നീങ്ങുന്നവരെ കണ്ടപ്പോള്‍ കുട്ടികളായ ഇന്ദ്രനും പൃഥ്വിക്കും കൗതുകമേറി. മൊട്ടയടിക്കാനായി കൊണ്ടുപോയപ്പോഴാണ് അപകടം മണത്തത്. കത്തിയും ബ്ലെയ്ഡും ഉപയോഗിച്ചാണവര്‍ തലമുണ്ഡനം ചെയ്യുന്നത്. മുറിയുമല്ലോ എന്ന ഭയം പൃഥ്വിരാജിനായിരുന്നു. ഇല്ലെന്ന് അമ്മയുടെ ഉറപ്പ്. അങ്ങനെ രണ്ട് പേരും തല മുണ്ഡനം ചെയ്തു. മുണ്ഡനശേഷം മൊട്ടത്തലയിലാകെ ചന്ദനം പൂശി കൊടുത്തു. അതായിരുന്നു രണ്ടുപേര്‍ക്കും ഒട്ടും പിടിക്കാതിരുന്നത്. റൂമില്‍ എത്തിയയുടന്‍ ഇന്ദ്രനും പൃഥ്വിയും ആദ്യം ചെയ്തത് ചന്ദനം തുടച്ചു കളയുകയായിരുന്നു.
തിരുപതിയില്നിന്ന് മദ്രാസിലെ വീട്ടില്‍ എത്തിയതിനു പിറകെയാണ് കൊല്ലം മോഹന്‍ ഇവരുടെ പടം പകര്‍ത്തിയത്.
അന്ന് ഇന്ദ്രജിത്തിനും പൃഥ്വിക്കും എത്ര വയസ്സ് പ്രായമുണ്ടെന്ന് കൃത്യമായ ഓര്‍മ്മകള്‍ മല്ലിക സുകുമാരനും ഇല്ല.
‘ഇന്ദ്രന് ഏറിയാല്‍ എട്ട്, അങ്ങനെയെങ്കില്‍ പൃഥ്വിക്ക് അഞ്ച്. അത്രയേ ഉണ്ടാകൂ. ഒരു കാര്യം ഉറപ്പാണ്, കൂനൂരിലെ സെന്റ് ജോസഫ് സ്കൂളില്‍ ഇന്ദ്രനെ ചേര്ക്കുന്നതിനുമുമ്പുള്ള തിരുപ്പതിയാത്രയിലാണ് മൊട്ടയടിച്ചത്. മൂന്നാം ക്ലാസ്സിലാണ് ഇന്ദ്രനെ അവിടുത്തെ ബോര്‍ഡിംഗില്‍ ചേര്‍ക്കുന്നത്. അതിനുമുമ്പ് അവന് പഠിച്ചത് മദ്രാസിലെ ഷ്റൈന്‍ വേളാങ്കണ്ണിയിലായിരുന്നു.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
അനിഴമാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. 1979 ഡിസംബര്‍ 17 നാണ് ജനനം. ഇന്ന് ഇന്ദ്രജിത്തിന് 41-ാം പിറന്നാള്‍. ഇന്ദ്രജിത്തിന് കാന്‍ ചാനലിന്റെ ജന്മദിനാശംസകള്.
Recent Comments