എം.ടി. വാസുദേവന്‍നായരുടെ ശിലാലിഖിതം എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കുന്ന ചലച്ചിത്രത്തിന് പട്ടാമ്പിയില്‍ തുടക്കമായി. സെപ്തംബര്‍ 26 ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ബിജുമേനോന് അടക്കമുള്ള പ്രധാന താരങ്ങളെല്ലാം 28 നാണ് ജോയിന്‍ ചെയ്തത്. പ്രിയദര്‍ശനാണ് സംവിധായകന്.
എം.ടി.യുടെ തിരക്കഥയില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രംകൂടിയാണിത്. ബിജുമേനോനും ആദ്യമായിട്ടാണ് ഒരു പ്രിയന് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടി.ജി. രവിയും പ്രിയന് ചിത്രത്തില്‍ ആദ്യമാണ്. ശാന്തികൃഷ്ണ, ശിവദ, ജോയ് മാത്യു തുടങ്ങി മുപ്പതോളം അഭിനേതാക്കള്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്.
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധമെന്നാണ് പൊതുമൊഴി. എന്നാല്‍ അങ്ങനെയല്ലാത്തൊരു ഗ്രാമപശ്ചാത്തലമാണ് ശിലാലിഖിതത്തിലൂടെ എം.ടി. വരച്ചുകാട്ടുന്നത്. എം.ടിയുടെ തിരക്കഥകളില്‍ ഏറെ വ്യത്യസ്തപ്പെട്ട ഒരു രചനകൂടിയാണ്. ആ വൈവിദ്ധ്യംതന്നെയാണ് ഇതിനെ ചലച്ചിത്രമാക്കാന്‍ പ്രിയദര്‍ശനെ പ്രേരിപ്പിച്ചതും.
എം.ടി. സീരീസിലെ മൂന്ന് സിനിമകള്‍ ഇതിനോടകം പൂര്‍ത്തിയായി. ശ്യാമപ്രസാദ്, സന്തോഷ് ശിവന്, ജയരാജ് എന്നിവര്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണത്.
എം.ടിയുടെ 10 ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന ആന്തോളജി ഫിലിം എന്ന നിലയിലാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാലിത് ആന്തോളജി അല്ല. പകരം എം.ടിയുടെ പത്ത് തിരക്കഥകള്‍, പത്ത് സംവിധായകന്, പത്ത് സിനിമകള്‍ ഇതാണ് അടിസ്ഥാന ആശയം. ഓരോ സിനിമയും ഒരുമണിക്കൂറില്‍ താഴെ ദൈര്‍ഘ്യം ഉണ്ടാകും. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. എം.ടി. വാസുദേവന്‍ നായരാണ് ഈ കമ്പനിയുടെ അമരക്കാരനെങ്കിലും അദ്ദേഹത്തിന്റെ മകള്‍ അശ്വതി നായരുടെയും പ്രശസ്ത സംവിധായകന് സുധീര്‍ അമ്പലപ്പാടിന്റെയും നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആര്.പി.എസ്.ജി ഗ്രൂപ്പ് നിര്‍മ്മാണ പങ്കാളിയാണ്. നെറ്റ്ഫ്ളിക്സാണ് ഈ ചിത്രങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മലയാളത്തിലാണ് ചിത്രങ്ങളെല്ലാം ഒരുങ്ങുന്നതെങ്കിലും മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്.
Recent Comments