ഒരു കാലഘട്ടത്തിന്റെ ചലച്ചിത്ര വിസ്മയങ്ങളായിരുന്നു ഫാസിലും സത്യന് അന്തിക്കാടും പ്രിയദര്‍ശനും. ഇന്നും അവരുടെ പ്രതിഭ മങ്ങലേല്ക്കാതെ തുടരുന്നു. എന്നു മാത്രമല്ല, അവരുടെ മക്കളിലൂടെ ആ കലാസപര്യ തുടരുകയും ചെയ്യുന്നുണ്ട്. ഫാസിലിന്റെ മകന് ഫഹദ് ഫാസില്‍ ഇന്ന് കേരളത്തിന് പുറത്തും ഏറെ ആരാധകരുള്ള അഭിനയപ്രതിഭയാണ്. സത്യന്റെ രണ്ട് മക്കളും (അഖിലും അനൂപും) അച്ഛന്റെ പാത പിന്തുടര്ന്ന് സംവിധാന രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. പ്രിയന്റെ മകള്‍ കല്യാണി അഭിനയരംഗത്ത് നിലയുറപ്പിച്ചപ്പോള്‍ മകന് സിദ്ധാര്‍ത്ഥ് വിഷ്വല്‍ എഫക്ടിന്റെ അമരക്കാരില്‍ ഒരാളാണ്.
ഫാസിലിനെയും സത്യനെയും പ്രിയനെയും പെട്ടെന്ന് ഓര്‍മ്മിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഇന്ന് രാവിലെയായിരുന്നു സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങിയത്. ഫഹദ് ജോയിന്‍ ചെയ്യുന്ന ദിവസം കൂടിയായിരുന്നു. ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രിയദര്ശന് സെറ്റില്‍ എത്തിയത്. അഖിലിനെ സംബന്ധിച്ച് അത് ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ്.
‘മോഹന്ലാല്സാറിനെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയുംവച്ച് ഞാന്‍ ചെയ്ത ഗന്ധര്വ്വന് എന്ന ഡോക്യുമെന്ററി കണ്ടിട്ട് പ്രിയന് അങ്കിള്‍ എന്നെ വിളിച്ച് ഒരുപാട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഞാന്‍ ഷാനുവിനെവച്ച് (ഫഹദ്) ചെയ്യുന്ന പടം കാണാന്‍ കൊതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇത് സംഭവിക്കുന്നത്. പക്ഷേ ഇന്ന് ഞങ്ങളുടെ സെറ്റിലേയ്ക്ക് പ്രിയന് അങ്കിള്‍ എത്തുമ്പോള്‍ അത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹമായി കരുതുന്നു. ഇതിനേക്കാളും സന്തോഷം നിറഞ്ഞ ഒരു മുഹൂര്‍ത്തം ഉണ്ടാകാനില്ല.’ അഖില്‍ കാന്‍ ചാനലിനോട് പറഞ്ഞു.
അഖിലിനും ഫഹദിനും പാച്ചുവും അത്ഭുതവിളക്കിന്റെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് പ്രിയന് മടങ്ങിയത്.
Recent Comments