പ്രിയദര്ശന്-ലിസി ദമ്പതികളുടെ മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ വംശജയായ മെര്‍ലിനാണ് വധു. ഇന്ന് വൈകുന്നേരം 6.30 ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്തിടെ സിദ്ധാര്‍ത്ഥ് സ്വന്തമായി വാങ്ങിയ ഫ്ളാറ്റാണ് ഇത്. മകന്റെ കല്യാണച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ പിണക്കങ്ങള്‍ മാറ്റിവച്ച് പ്രിയനും ലിസിയും ഒരുമിച്ചെത്തി. മകള്‍ കല്യാണി പ്രിയദര്ശന് ചടങ്ങിന് സാക്ഷിയായി. പ്രിയദര്‍ശന്റെ സഹോദരി മിനി, മിനിയുടെ ഭര്‍ത്താവ് ഗിരീഷ് എന്നിവരും ചടങ്ങില്‍ പങ്കുകൊണ്ടു. മെര്‍ലിന്റെ മാതാപിതാക്കള്‍ സ്കൈപ്പിലൂടെയാണ് വിവാഹച്ചടങ്ങിന് സാക്ഷികളായത്. വൈകാതെ അമേരിക്കയില്വച്ചും ഇവര്‍ നിയമപരമായി വിവാഹിതരാകും.
സിദ്ധാര്‍ത്ഥും മെര്‍ലിനും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. അമേരിക്കയില്‍ ഒരുമിച്ച് പഠിച്ചവരാണ് ഇവര്‍. വിഷ്വല്‍ എഫക്ട് പ്രൊഡ്യൂസര്‍ കൂടിയാണ് മെര്ലിന്.
അച്ഛനോടൊപ്പം സംവിധാന സഹായിയായിട്ടാണ് സിദ്ധാര്‍ത്ഥിന്റെ തുടക്കം. പ്രിയദര്ശന് സംവിധാനം ചെയ്ത കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട്സിന്റെ പ്രധാന ചുമതലക്കാരനും സിദ്ധാര്‍ത്ഥായിരുന്നു. ഈ ചിത്രത്തിലെ വിഷ്വല്‍ എഫക്ട് മികവിന് ദേശീയ പുരസ്കാരവും സിദ്ധാര്‍ത്ഥിനെ തേടിയെത്തിയിരുന്നു.
Recent Comments