തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വേഷത്തിലാണ് നാം ഇന്നോളം പ്രിയദര്‍ശനെ കണ്ടിട്ടുള്ളത്. ആ വേഷങ്ങള്‍ അദ്ദേഹം അതിഗംഭീരമാക്കുകയും ചെയ്തു. ഭാഷാന്തരങ്ങള്‍ കടന്നും ആ പെരുമ വളര്‍ന്നു. സാധാരണ ഒരു സൗത്തിന്ത്യന്‍ ഫിലിംമേക്കറെ സ്വീകരിക്കാന്‍ വെമനസ്യം കാട്ടിയിരുന്ന ഹിന്ദിയുടെ ഹൃയമഭൂമികയിലും അദ്ദേഹം ചിരപ്രതിഷ്ഠ നേടി. അവിടത്തെ മുന്‍നിര താരങ്ങള്‍പോലും പ്രിയന് സിനിമകളുടെ ഭാഗമാകാന്‍ മത്സരിച്ചു. ഇന്ത്യയിലെ തലയെടുപ്പുള്ള സംവിധായകരില്‍ ഒരാളായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. ഇപ്പോഴിതാ മറ്റൊരു വേഷംകൂടി അദ്ദേഹം കെട്ടിയാടാനൊരുങ്ങുകയാണ്.
പ്രിയദര്ശന് നിര്‍മ്മാതാവാകുന്നു. ഫോര്‍ ഫ്രെയിംസ് എന്ന തന്റെ സ്റ്റുഡിയോ കമ്പനിയുടെ ബാനറില്‍ തന്നെയാണ് ആദ്യ ചലച്ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 1 ന് എറണാകുളത്ത് തുടങ്ങും. തൊടുപുഴയാണ് മറ്റൊരു ലൊക്കേഷന്‍.
ഈ പ്രൊജക്ടില്‍ പ്രിയനെ സഹായിക്കാന്‍ എന്‍.എം. ബാദുഷയുമുണ്ട്. അദ്ദേഹമാണ് കോ പ്രൊഡ്യൂസര്‍. ഷാനവാസ് ഷാജഹാനും സജിയുമാണ് ലൈന്‍ പ്രൊഡ്യൂസേഴ്സ്.
ത്രില്ലറാണ് ഇത്തവണ പ്രിയന് ഒരുക്കുന്നത്. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, അര്ജുന് അശോകന്, മണിയന്‍പിള്ള രാജു, സിദ്ധിക്ക് എന്നിവരാണ് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. നായികയടക്കം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ടൈറ്റില്‍ അനൗണ്‍സ്മെന്റും ഉടനെയുണ്ടാകും. ദിവാകറാണ് ഛായാഗ്രാഹകന്‍.
യുവതലമുറയെ അണിനിരത്തി പ്രിയന് ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്.
Recent Comments