പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, എം.ജി. സോമന്, കാര്‍ത്തിക, ലിസി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1986-ല്‍ റിലീസായ ചിത്രമാണ് താളവട്ടം. 1975-ല്‍ പുറത്തിറങ്ങിയ വണ്‍ ഫ്ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് താളവട്ടത്തിന്റെ തിരക്കഥ പ്രിയന് രചിച്ചത്. മോഹന്‍ലാന്‍ -പ്രിയന് കൂട്ടുക്കെട്ടിലെ എട്ടാമത്തെ സിനിമ കൂടിയാണ് താളവട്ടം.
നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ പൊട്ടിചിരിപ്പിച്ചതിന് ശേഷം അവസാനം പ്രേക്ഷകരെ പൊട്ടിക്കരയിപ്പിക്കുകയായിരുന്നു താളവട്ടത്തിലൂടെ പ്രിയന് ചെയ്തത്. മോഹന്‍ലാലിന്റെ ചിരിയും കുട്ടിത്തവും കുസൃതിയും ചമ്മലും തലക്കുത്തി മറിയലും ചെരിഞ്ഞുള്ള നില്‍പ്പുമൊക്കെ അതിന്റെതായ മനോഹാരിതയില്‍, പൂര്‍ണതയില്‍ ആദ്യമായി അടയാളപ്പെടുത്തിയത് താളവട്ടത്തിലാണ്.
തന്റെ കണ്മുന്നില് വെച്ച് കാമുകി മരണപ്പെടുന്നത് കണ്ട് സമനില തെറ്റി ഭൂതകാലം മറന്ന് പോയ വിനോദ് എന്ന ചെറുപ്പക്കാരന് ചികിത്സാര്‍ത്ഥം ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ എത്തുന്നതും, അവിടെ വെച്ച് ചികത്സിക്കുന്ന ഡോക്ടര്‍ക്ക് വിനോദിനോട് പ്രണയം തോന്നുന്നതും ആ പ്രണയം വിനോദിന്റെ ജീവന് തന്നെ എടുക്കുന്നതുമാണ് താളവട്ടത്തിന്റെ ഇതിവൃത്തം.
വളരെ സീരിയസായിട്ട് അവതരിപ്പിക്കേണ്ട കഥ ആയിട്ട് കൂടി തമാശകളും പാട്ടുകളും പ്രണയവും സെന്റിമെന്റ്സും ഒക്കെ സമാസമം ചേര്‍ത്ത് അതി മനോഹരമായിട്ടാണ് പ്രിയദര്ശന് താളവട്ടത്തെ അണിയിച്ചൊരുക്കിയത്. ബലം പിടിച്ച് റിച്ച് കോസ്റ്റ്യൂമും ധരിച്ചു പാട്ട് പാടി അഭിനയിക്കുന്ന ഒട്ടനവധി നായകമാരെ കണ്ട് ശീലിച്ച മലയാളികള്‍ താളവട്ടത്തില്‍ കണ്ടത് തോളും ചരിച്ച് നിന്നും ഓടിയും ചാടിയും തലക്കുത്തി മറിഞ്ഞും അനായാസമായി പാട്ട് പാടി അഭിനയിക്കുന്ന നായകനെയാണ്.
സിനിമയുടെ മുക്കാല്‍ ഭാഗത്തോളം രംഗങ്ങളിലും മോഹന്‍ലാലിന്റെ ചേഷ്ടകളും സംഭാഷണങ്ങളും ഒരു കുട്ടിയുടെത് പോലെയാണ്. മോഹന്‍ലാലിന്റെ മോഹിപ്പിക്കുന്ന കുസൃതി ഭാവങ്ങള്‍ക്ക് ഒപ്പം ഹൃദ്യമായി അവതരിപ്പിച്ച പ്രണയരംഗങ്ങളും മനോഹരമായ ഗാനങ്ങളും ജോണ്സണ് മാഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും കൂടിയാണ് താളവട്ടത്തെ പ്രേക്ഷകര്‍ക്ക് ഇത്രയേറെ മികച്ചതാക്കിയത്.
വിനുവിനോടുള്ള സ്നേഹവും വാല്സല്യവും കൊണ്ട് ജീവച്ഛവമായ വിനുവിനെ നെടുമുടി അവതരിപ്പിക്കുന്ന ഡോക്ടര്‍ ഉണ്ണികൃഷ്ണന് കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണ് താളവട്ടത്തിന്റെ ക്ലൈമാക്സ്. ഉണ്ണിയേട്ടന് വിനുവിനെ നെഞ്ചോട് ചേര്‍ത്ത് വെച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്ത ഒന്നാണ്. കൊല്ലുന്ന ഈ സീനില്‍ ബാക്ഗ്രൗണ്ട് സ്കോര്‍ ഇല്ല എന്നത് ശ്രദ്ധയമാണ്. നെടുമുടി പല്ല് കടിക്കുന്ന എക്സാജിറേറ്റടായ ഒച്ചയും മോഹന്‍ലാലിന്റെ ഞെരക്കങ്ങളുമാണ് ആ സീനില്‍ ശബ്ദമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ റീറെക്കോര്‍ഡിങ്ങില്‍ ജോണ്സണ് മാഷിന്റെ തീരുമാനമായിരുന്നു അവിടെ പശ്ചാത്തല സംഗീതം വേണ്ട എന്നുള്ളത്. എന്നാല്‍ ഇത് പ്രിയദര്ശന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. മര്‍മ്മ പ്രധാനമായ മുഹൂര്‍ത്തങ്ങളിലെല്ലാം പശ്ചാത്തല സംഗീതം നിരര്‍ഗളമായി പ്രവഹിച്ചു കൊണ്ടിരിക്കുന്നതാണ് അന്നേവരെ മലയാള സിനിമ പിന്തുടര്‍ന്ന വന്ന മാതൃക. അതും വേറെ ഡൈലോഗുകള്‍ ഒന്നും ഇല്ലാത്ത സീനാകുമ്പോള് പ്രേക്ഷകര്‍ ഇതെങ്ങനെ സ്വീകരിക്കും എന്ന ഭയമായിരുന്നു പ്രിയദര്‍ശന്റെ മനസ്സില്‍.
പക്ഷേ നെടുമുടിയുടെ പ്രകടനത്തിലും ആ സീനിന്റെ മികവിലും ഉത്തമ വിശ്വാസമുണ്ടായിരുന്ന ജോണ്സണ് മാഷ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. സീനിന്റെ ഭീകരത പ്രേക്ഷകന് അനുഭവഭേദ്യമാകണമെങ്കില് വേറെ ശബ്ദ കോലാഹലങ്ങളൊന്നും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ജോണ്സണ് മാഷ് പ്രിയദര്‍ശനെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിപ്പിച്ചു. പശ്ചാത്തല സംഗീതം ഇല്ലാത്തത് കൊണ്ടാണ് ആ സീന്‍ ഇന്ന് കാണുമ്പോഴും അസ്വസ്ഥത ജനിപ്പിക്കുന്നത്.
കൊന്നതിന് ശേഷം സോമന്റെയടുത്ത് നെടുമുടി കൊന്ന കാര്യം ഏറ്റുപറയുന്ന സീനില്‍ വിനുവിന്റെ കുട്ടിക്കാലം ഓര്‍മ്മിക്കുന്ന തരത്തിലുള്ള വളരെ സോഫറ്റായ മ്യൂസിക്കല്‍ ബിറ്റ് ജോന്സണ് മാഷ് പ്ലെയിസ് ചെയ്തിട്ടുണ്ട്. വിനു പ്രേക്ഷകന്റെ മനസ്സില്‍ ഒരു നൊമ്പരമാകാന്‍ അത് ധാരാളമായിരുന്നു.
150 ദിവസത്തിലേറെയാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സിനിമ ബോക്സോഫീസില്‍ വലിയ വിജയമായതിനെ തുടര്‍ന്ന് അന്യഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. ഹിന്ദിയില്‍ പ്രിയദര്ശന് തന്നെ ക്യോന്‍ കി എന്ന പേരിലും തമിഴില്‍ റോബര്‍ട്ട്-രാജശേഖര്‍ മനസുക്കുല് മത്തപ്പ് എന്ന പേരിലുമാണ് റീമേക്ക് ചെയ്തത്. താളവട്ടത്തിലെ ഗാനങ്ങളും തമാശരംഗങ്ങളുമൊക്കെ ഇപ്പോഴും എവര്‍ഗ്രീനായി തുടരുന്നു.
Recent Comments