എന്റെ സിനിമയിലൂടെ വന്ന്, വളരെ വേഗം വളര്‍ന്ന്, അതിനേക്കാള്‍ വേഗത്തില്‍ നഷ്ടമായവര്‍. ക്യാമറാമാന് ജീവയ്ക്ക് പിറകെ ഇതാ കെ.വി. ആനന്ദും. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു രണ്ടുപേരും.
തേന്മാവിന്കൊമ്പത്തിന്റെ ക്യാമറാമാനായി ആദ്യം നിശ്ചയിച്ചത് പി.സി. ശ്രീറാമിനെയായിരുന്നു. മണിരത്നംസിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ശ്രീറാമിനെ കിട്ടിയില്ല. അതിനുശേഷമാണ് വേണുവിനെ സമീപിക്കുന്നത്. വേണുവിനും ഡേറ്റ്ക്ലാഷ് ഉണ്ടായിരുന്നു. സിനിമ തുടങ്ങാന്‍ ഒരു മാസമുള്ളപ്പോഴും എന്റെ സിനിമയ്ക്ക് ക്യാമറാമാനില്ലാത്ത അവസ്ഥ.
ആയിടയ്ക്കാണ് കാശ്മീരം എന്ന സിനിമയുടെ ഒരു പാട്ടുസീന്‍ ചിത്രീകരിക്കാന്‍ ഞാന്‍ കാശ്മീരിലെത്തുന്നത്. അതിന്റെ ക്യാമാറാമാനായി ഞാന്‍ ഒപ്പം കൂട്ടിയത് ആനന്ദിനെയായിരുന്നു. അന്ന് പി.സി. ശ്രീറാമിന്റെ അസിസ്റ്റന്റാണ് ആനന്ദ്. ആനന്ദിന്റെ വര്‍ക്ക് എനിക്ക് വളരെ ഇഷ്ടമായി. അതിനുശേഷമാണ് തേന്മാവിന്കൊമ്പത്തിന്റെ ക്യാമറാമാനായി ആനന്ദിനെ നിശ്ചയിക്കുന്നത്. അന്നയാള്‍ക്ക് ഏറിയാല്‍ 22 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുശേഷം മിന്നാരത്തിലും എന്നോടൊപ്പം ആനന്ദ് ഉണ്ടായിരുന്നു.
ചന്ദ്രലേഖയുടെ ക്യാമറാമാന് ജീവയായിരുന്നു. ജീവയ്ക്ക് പകരക്കാരനായി രണ്ടുമൂന്ന് ദിവസത്തെ വര്‍ക്ക് വന്ന് ചെയ്തുതന്നതും ആനന്ദാണ്. അതിനുശേഷം മൂന്ന് ഹിന്ദി ചിത്രങ്ങളില്‍ ആനന്ദ് എന്റെ ക്യാമറാമാനായി. നിരവധി പരസ്യചിത്രങ്ങളും എനിക്കുവേണ്ടി ചെയ്തു.
വളരെ സൗമ്യനായിരുന്നു ആനന്ദ്. അധികം മിണ്ടാട്ടമൊന്നുമല്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയായിരുന്നു മറുപടി. സെറ്റില്‍ അങ്ങനെയൊരാള്‍ ഉണ്ടെന്നുപോലും അറിയില്ലായിരുന്നു. ഒരു ചീത്ത സ്വഭാവവുമില്ലാത്ത പയ്യന്. അതായിരുന്നു ആനന്ദ്.
ആനന്ദ് പിന്നീട് സംവിധായകനായി. കോയും അയനുമടക്കം നിരവധി ചിത്രങ്ങള്‍ ചെയ്തു. മോഹന്‍ലാലിനെയും സൂര്യയെയും നായകനാക്കി കാപ്പാന് എന്ന സിനിമയും ചെയ്തിരുന്നു. അതിന്റെ ഓഡിയോ റിലീസിന് ആനന്ദ് എന്നെയും ക്ഷണിച്ചിരുന്നതാണ്. അന്ന് ഞാന്‍ മുംബയില്‍ പെട്ടുപോയതിനാല്‍ പങ്കെടുക്കാനായില്ല. ആ വിവരം ആനന്ദിനെ വിളിച്ച് പറഞ്ഞിരുന്നു. അതായിരുന്നു ഏറ്റവും ഒടുവിലായി ആനന്ദുമായി ബന്ധപ്പെട്ട സംഭവം.
ഇന്ന് രാവിലെയാണ് ആനന്ദിന്റെ വിയോഗവാര്‍ത്ത അറിഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പക്ഷേ അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ആനന്ദിന്റെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പയ്യനെ കൂടിയാണ് നഷ്ടമായിരിക്കുന്നത്.
Recent Comments