വിജയ് സേതുപതിയും തപ്സി പന്നുവും അഭിനയിച്ച ‘അന്നാബെല്ലെ സേതുപതി’ റിലീസായത് ഇക്കഴിഞ്ഞ സെപ്തംബര്‍ 17 നായിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാര്‍ വഴിയായിരുന്നു സ്ട്രീമിംഗ്. ചിത്രത്തില്‍ തപ്സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ആ കഥാപാത്രം മികവുറ്റതാവാന്‍ കാരണമായി ഭവിച്ചതാകട്ടെ ഒരു പ്രവാസി മലയാളിയുടെ മധുര ശബ്ദവും.
ചിത്രത്തിന്റെ സംവിധായകന് ദീപക് സുന്ദര്രാജന് തപ്സിയുടെ കഥാപാത്രത്തിന് ഇണങ്ങുന്ന ശബ്ദത്തിനായി പല നടിമാരുടെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും ശബ്ദം പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷേ ഒന്നും തൃപ്തി നല്‍കിയില്ല. ഒടുവിലാണ് മലയാളിയായ നടി പ്രിയാ ലാലിനെ കുറിച്ചും അവരുടെ ഇംഗ്ലീഷ് സംഭാഷണ മികവിനെക്കുറിച്ചും കേട്ടറിഞ്ഞത്. എന്നാല്‍ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ശബ്ദം നല്കാന് സമ്മതിക്കുമോ എന്ന ശങ്കയോടെയാണ് സംവിധായകനും നിര്‍മ്മാതാവും പ്രിയാലാലിനെ സമീപിച്ചത്. എന്നാല്‍ ഇരുവരെയും ഞെട്ടിച്ചുകൊണ്ട് പ്രിയ ശബ്ദം നല്കാന് സമ്മതിക്കുകയായിരുന്നു.
‘പ്രിയയുടെ ശബ്ദം കിട്ടിയില്ലായിരുന്നൂവെങ്കില് തപ്സിയുടെ ആ കഥാപാത്രത്തിന് ഇത്രയും മികവ് ലഭിക്കുമായിരുന്നില്ല. ബ്രിട്ടീഷ് ശൈലിയുടെ വളരെ പെര്‍ഫക്ട് പ്രസന്റേഷനായിരുന്നു പ്രിയാ ലാലിന്റേത്.’ സംവിധായകന് ദീപക് സുന്ദര്രാജന് പറഞ്ഞു.
ദുബായിലെ റാസല്‍ഖൈമയില്‍ ജനിച്ച്, യൂകെയിലെ ലിവര്‍പൂളില്‍ പഠിച്ചു വളര്‍ന്ന പ്രവാസി മലയാളിയായ പ്രിയാലാലിന് നൃത്തവും അഭിനയവും പാഷനാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ നായികയായി പ്രിയ അഭിനയിച്ചു കഴിഞ്ഞു. ജനകന് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. സംവിധായകന് സുശീന്ദ്രന്റെ ജീനിയസ്, രാംഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകനായിരുന്ന മോഹന്റെ ഗുവ ഗോരിങ്ക (Love Birds) എന്നിവയാണ് പ്രിയാലാലിന്റെ റിലീസായ ചിത്രങ്ങള്‍.
Recent Comments