പ്രിയാലാലിനെ മലയാളികള്‍ ആദ്യം തിരിച്ചറിയുന്നത് സജി പരവൂര്‍ സംവിധാനം ചെയ്ത ജനകനിലൂടെയാണ്. അതില്‍ സുരേഷ്ഗോപിയുടെ മകളുടെ വേഷമായിരുന്നു പ്രിയയ്ക്ക്. പിന്നീട് ശരത്ചന്ദ്രന് സംവിധാനം ചെയ്ത മയിലിലും അവര്‍ നായികയായി. തമിഴിലെ പ്രശസ്ത സംവിധായകന് സുശീന്ദ്രന്റെ ജീനിയസിലെയും നായിക പ്രിയാലാലായിരുന്നു. അതിനുശേഷം അവരെക്കുറിച്ച് അറിവേ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഗുവ ഗോരിങ്ക എന്ന തെലുങ്ക് ചിത്രത്തിലൂടെ രണ്ടാമൂഴത്തിന് ഒരുങ്ങുകയാണ് പ്രിയ. രാംഗോപാല്‍ വര്‍മ്മയുടെ കീഴില്‍ സഹസംവിധായകനായിരുന്ന മോഹന്‍ ബൊമ്മിഡി സംവിധാനം ചെയ്ത ചിത്രമാണ് ഗുവാ ഗോരിങ്ക. അതിലെ നായികയാണ് പ്രിയ. നായകന് സത്യദേവും. ഗുവ ഗോരിങ്ക ഒരു പ്രണയകഥയാണ്. ലൗബേര്ഡ്സാണ് ആ വാക്കിന്റെ അര്‍ത്ഥം.
ഈ ചിത്രം ഏപ്രിലില്‍ പ്രദര്ശനത്തിനെത്തേണ്ടതായിരുന്നു. ലോക്ക്ഡൗണ്‍ കാരണം റിലീസ് വൈകി. ഇപ്പോള്‍ ആമസോണ്‍ പ്രൈമിലൂടെ ഗുവ ഗോരിങ്ക റിലീസാവുകയാണ്. ഡിസംബര്‍ 17 നാണ് പ്രദര്‍ശനം. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ പ്രിയയ്ക്ക് വേരുകള്‍ ഉണ്ടെന്നേയുള്ളൂ. പ്രിയ ജനിച്ചത് ദുബായിലെ റാസല്‍ ഖൈമയിലാണ്. പഠിച്ചതും വളര്‍ന്നതും യു.കെയിലെ ലിവര്‍പൂളില്‍നിന്നും. വളരെ ചെറുപ്പത്തില്‍തന്നെ ശാസ്ത്രീയനൃത്തം അഭ്യസിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടുവര്‍ഷം ലിവര്‍പൂളിലെ കലാതിലകമായിരുന്നു. സിനിമയോടുള്ള അഭിനിവേശമാണ് അവരെ കേരളത്തിലെത്തിച്ചത്. ഒരു കുടുംബസുഹൃത്ത് വഴി ജനകനിലൂടെ അരങ്ങേറ്റം കുറിച്ചു. ആ സിനിമയുടെ ചിത്രീകരണത്തിനു പുറകെ അവര്‍ ലിവര്‍പൂളിലേയ്ക്ക് മടങ്ങി. പഠനവും ഉപരിപഠനവും കഴിഞ്ഞ് വീണ്ടും നാട്ടിലേയ്ക്ക് മടങ്ങിയെത്തി. ആ വരവിലാണ് ജീനിയസിലും മയിലിലും അഭിനയിച്ചത്.
‘തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എണ്ണത്തില്‍ക്കൂടുതല്‍ സിനിമകള്‍ ചെയ്യാനല്ല ആഗ്രഹം. പ്രേക്ഷകരുടെ മനസ്സില്‍ നില്ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.’ പ്രിയാലാല്‍ പറയുന്നു.
Recent Comments