നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം മൂന്ന് മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലന്റെ മൃതശരീരം ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്കിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്ത് അദ്ദേഹം ഗാന്ധിമതി വലിയൊരു ബ്രാന്‍ഡ് ആയി വളര്‍ത്തി. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ആദ്യ സിനിമ. പഞ്ചവടിപ്പാലം, സുഖമോ ദേവി, പത്താമുദയം, മൂന്നാം പക്കം, ആദാമിന്റെ വാരിയെല്ല്, തൂവാനത്തുമ്പികള്‍, മാളൂട്ടി തുടങ്ങിയ 30 ല്‍ പരം ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു.
വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലന് പ്രവര്‍ത്തിച്ചിരുന്നത്. പത്മരാജന് സിനിമകളിലൂടെയാണ് ബാലന് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതും പത്മരാജനൊപ്പമായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖല കൂടാതെ പ്ലാന്റേഷന്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലന് 2015 നാഷനല്‍ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമായിരുന്നു. ഭാര്യ- അനിത ബാലന്. മക്കള്‍- സൗമ്യ ബാലന്, അനന്ത പത്മനാഭന്.
Recent Comments