നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജയ്സണ്‍ എളംകുളത്തെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മുമ്പുവരെയും ജയ്സണ്‍ ഫോണില്‍ സജീവമായിരുന്നു. ഭാര്യയേയും കൂട്ടുകാരേയും സഹപ്രവര്ത്തകരേയുമടക്കം അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹത്തെ ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അബുദാബിയിലുള്ള ഭാര്യ റൂബീന ആവശ്യപ്പെട്ടതനുസരിച്ചാണ് ഫ്ളാറ്റ് അധികൃതര്‍ ജയ്സണ്‍ താമസിച്ചിരുന്ന മുറി തുറന്നത്. രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു അദ്ദേഹം. ബോഡി ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണുള്ളത്. നാളെ രാവിലെ പോസ്റ്റുമോര്‍ട്ടം നടക്കും. മരണകാരണം അതിനുശേഷമേ വ്യക്തമാകൂ. നാളെ രാവിലെ പതിനൊന്ന് മണിയോടെ പാലാ പൊന്‍കുന്നം എളംകുളത്തെ കുടുംബവീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകും. നാലുമണിയോടെ സംസ്കാരച്ചടങ്ങുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാര്യ റുബീനയും ഏക മകള്‍ പുണ്യയും നാളെ രാവിലെ ആറര മണിക്ക് നാട്ടില്‍ എത്തിച്ചേരും.
പ്രൊഡക്ഷന്‍ മാനേജരായിട്ടാണ് ജയ്സണ്‍ എളംകുളത്തിന്റെ തുടക്കം. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഗിരീഷ് വൈക്കത്തിന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് പടിപടിയായി വളര്‍ന്ന് എക്സിക്യൂട്ടീവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി. ദിലീപ് ചിത്രങ്ങളാണ് ഏറ്റവുമധികം ചെയ്തിരിക്കുന്നത്. അതുമാത്രം എണ്ണത്തില്‍ ഇരുപതോളം വരും. പിന്നീട് അദ്ദേഹം സ്വന്തമായി സിനിമകള്‍ നിര്‍മ്മിച്ചു. ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ശിങ്കാരവേലന്‍, ലവകുശ എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അതിനുശേഷമാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ദുബായിലേയ്ക്ക് പോയത്. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തി. പുതിയ പ്രൊജക്ടുകളുടെ പിറകിലായിരുന്നു അദ്ദേഹം.
Recent Comments